കോടതിപ്പാലത്ത് ഗതാഗത നിയന്ത്രണം ട്രയൽ റൺ ആരംഭിച്ചു

ആലപ്പുഴ
കോടതിപ്പാലം പുനർനിർമാണത്തിനുള്ള ഗതാഗതപരിഷ്കാരത്തിന്റെ ഭാഗമായി ട്രയൽറൺ ആരംഭിച്ചു. പുതിയ ക്രമീകരണങ്ങളെക്കുറിച്ച് അറിയാത്തതിനാൽ രാവിലെ നഗരത്തിൽ എത്തിയവർക്ക് ആശയക്കുഴപ്പമുണ്ടായി. ഇതിനാൽ രാവിലെ കുറച്ചുനേരം ഗതാഗതക്കുരുക്ക് നേരിട്ടെങ്കിലും 10.30 ഓടെ സാധാരണരീതിയിലായി. വാടക്കനാലിന്റെ തെക്കേക്കരയിലെ റോഡിനൊപ്പം മുല്ലയ്ക്കൽ കോടതിപ്പാലം റോഡും പാലവും അടച്ചു. ഗതാഗതക്രമീകരണം പരിശോധിക്കുകയാണെന്നും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ആലപ്പുഴ സിറ്റി ട്രാഫിക്കിലെയും പൊലീസിലെയും ഏഴുപതിലേറെ ഉദ്യോഗസ്ഥരാണ് ആദ്യദിനം ഗതാഗതം നിയന്ത്രിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ നിയന്ത്രണത്തിന് വാർഡൻമാരെ നിയോഗിക്കും. തുടർന്നുള്ള ദിവസങ്ങളിലും രാവിലെ മാത്രം ചെറിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാത്തതിനാൽ നിലവിലെ സംവിധാനം തുടരുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യുതി വിളക്കുകൾ ആവശ്യമുള്ള ചില പ്രദേശങ്ങളിൽ അത് സ്ഥാപിക്കാനുള്ള നിർദേശം നൽകി. ഗതാഗതസംവിധാനം സ്ഥിരമാക്കിയശേഷമാകും പാലം പൊളിക്കുന്നത്. പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ ജലകന്യക ശിൽപ്പം മാറ്റിസ്ഥാപിക്കുന്നതിന്റെ ജോലികൾ നടക്കുകയാണ്.









0 comments