വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയവർ പിടിയിൽ

അഭിജിത്ത്, ആദിത്യൻ

സ്വന്തം ലേഖകൻ
Published on Jul 28, 2025, 02:14 AM | 1 min read
ചേർത്തല
സ്കൂൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ് പിടികൂടി. രക്ഷിതാക്കളുടെ അവസരോചിത ഇടപെടലിലാണ് കുറ്റകൃത്യം വെളിപ്പെട്ടതും പ്രതികളെ പിടികൂടാനായതും. പാണാവള്ളി പഞ്ചായത്ത് 12–ാംവാർഡിൽ പൂച്ചാക്കൽ കുളങ്ങരവെളി ആദിത്യൻ, 14–ാംവാർഡിൽ അടിച്ചീനികർത്തിൽ അഭിജിത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പൂച്ചാക്കൽ, തളിയാപറമ്പ് ഭാഗങ്ങളിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശക്തിമൂർത്തി അമ്പലത്തിനടുത്ത് കടവിലാണ് പലദിവസങ്ങളിൽ കുട്ടികൾക്ക് കഞ്ചാവ് നൽകി വലിപ്പിച്ചത്. കഞ്ചാവ് ഉപയോഗിച്ച വിദ്യാർഥികളുടെ പെരുമാറ്റത്തിൽ രക്ഷിതാക്കൾക്ക് സംശയം തോന്നി ചോദിച്ചപ്പോഴാണ് കഞ്ചാവ് ഉപയോഗം വെളിപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ പൂച്ചാക്കൽ പൊലീസിനെ സംഭവം അറിയിക്കുകയായിരുന്നു. പൂച്ചാക്കൽ എസ്എച്ച്ഒ പി എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ജെ സണ്ണി, ജി എസ് ദീപു, സുനിൽരാജ്, എസ്സിപിഒ സേവ്യർ, സിപിഒമാരായ കലേഷ്, ജോബി കുര്യാക്കോസ്, കിങ് റിച്ചാർഡ്, അനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ്ചെയ്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലൂടെ നിരീക്ഷിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി കൗൺസലിങ്ങും ചികിത്സയും നൽകുന്നതോടൊപ്പം ലഹരിവസ്തു നൽകുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും എസ്എച്ച്ഒ പി എസ് സുബ്രഹ്മണ്യൻ പറഞ്ഞു.









0 comments