ചാമ്പ്യന്‍സ് ബോട്ട് ലീഗ്
നെഹ്‌റുട്രോഫിയിലെ ആദ്യ 9 സ്ഥാനക്കാർ മത്സരിക്കും


സ്വന്തം ലേഖകൻ
Published on Sep 13, 2025, 01:50 AM | 1 min read
ആലപ്പുഴ
നെഹ്‌റുട്രോഫിലെ ആദ്യ ഒമ്പത് സ്ഥാനക്കാർ ഇക്കുറി ചാമ്പ്യൻസ് ബോട്ട് ലീഗിൽ തുഴയെറിയും. വെള്ളി വൈകിട്ട് ചേർന്ന ജൂറി ഓഫ് അപ്പീൽ യോഗത്തിലാണ് നെഹ്‌റുട്രോഫി മത്സരത്തിൽ ആദ്യ ഒമ്പതു സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങളെ സിബിഎല്ലിനായി നിർദേശിക്കാൻ ധാരണയായത്. ലൂസേഴ്സ് ഫൈനലിൽ മത്സരിക്കാതിരുന്ന യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിക്കും തലവടി ചുണ്ടനും സിബിഎൽ യോഗ്യത നഷ്‌ടമായേക്കുമെന്നാണ് സൂചന. പ്രാഥമിക പരിശോധനയിൽ വള്ളങ്ങളെ അയോഗ്യരാക്കാനുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരവകുപ്പിന് ശനിയാഴ്‌ച ആദ്യ ഒമ്പതുസ്ഥാനക്കാരുടെ പട്ടിക കൈമാറാൻ ധാരണയായത്. ഇതുപ്രകാരം നെഹ്‌റുട്രോഫി വിജയികളായ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ, ഫൈനലിൽ മത്സരിച്ച പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പടം ചുണ്ടൻ, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, ലൂസേഴ്‌സ് ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ നമ്പർ വൺ, കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലെപറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, സെക്കൻഡ് ലൂസേഴ്‌സ് ഫൈനലിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ, ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം എന്നീ ചുണ്ടന്മാരാകും സിബിഎല്ലിൽ മാറ്റുരയ്‌ക്കുക. ഫൈനലിലെ തർക്കം തുടരുന്ന സ്ഥാനങ്ങളിൽ തീരുമാനമെടുക്കുന്നത് വൈകിയേക്കും. 19ന് കൈനകരിയിൽ സിബിഎൽ ഉദ്‌ഘാടനത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. ജൂറി ഓഫ് അപ്പീൽ യോഗം ബോട്ട് ക്ലബ്ബുകളിൽനിന്നടക്കം വാദം കേട്ടു. എന്നാൽ ദൃശ്യങ്ങൾ ഉൾപ്പെടുന്ന കൂടുതൽ തെളിവുകൾ ചില ക്ലബ്ബുകൾ ഹാജരാക്കാമെന്ന് അറിയിച്ചതോടെ ഇതിനായി സമയം അനുവദിക്കുകയായിരുന്നു. അനുവദനീയമായതിലും കൂടുതൽ അതിഥിത്തുഴച്ചിലുകാർ ഉണ്ടായിരുന്നു. തടി, ഫൈബർ നിർമിത തുഴകൾ ഉപയോഗിച്ചു എന്നിവയാണ് ഇൗ വള്ളങ്ങൾക്കെതിരെ ഉയർന്ന ആരോപണം. ജൂറി ഓഫ് അപ്പീൽ കമ്മിറ്റി 14 പരാതിയാണ് ഇന്ന് പരിഗണിച്ചത്.









0 comments