വികസനവിസ്‌മയത്തിന്റെ ആലപ്പുഴ മോഡൽ

സർവോദയപുരത്തിന്റെ ശാപമോക്ഷ കഥ

Sarvodayapuram Malinya Plant

സർവോദയപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിൽ ബയോമൈനിങ്ങിലൂടെ മാലിന്യങ്ങങ്ങൾ പൊടിച്ച് വേർതിരിച്ചപ്പോൾ

avatar
നെബിൻ കെ ആസാദ്‌

Published on Nov 13, 2025, 12:46 AM | 2 min read

ആലപ്പുഴ

നോക്കെത്താ ദൂരത്തോളം മലപോലെ മാലിന്യങ്ങൾ, ദുർഗന്ധം കാരണം ഭക്ഷണംപോലും കഴിക്കാൻ കഴിയാത്ത അവസ്ഥ, മാലിന്യക്കൂമ്പാരമുള്ള നാട്ടിലേക്ക്‌ മക്കളെയയക്കാൻ ആരും തയ്യാറല്ലാത്തതിനാൽ യുവാക്കൾക്ക്‌ കല്യാണം പോലും നടക്കാതിരുന്ന കാലം... ബ്രഹ്‌മപുരത്തുണ്ടായതുപോലെ ഒരു അപകടമുണ്ടായാൽ എന്ത്‌ ചെയ്യും... ഇത്തരം പ്രശ്‌നങ്ങളും പേടിസ്വപ്‌നങ്ങളും സർവോദയപുരത്തെ പ്രദേശവാസികൾക്കിന്നില്ല. സർവോദയപുരത്തെ കാറ്റ്‌ ഇന്ന്‌ ദുർഗന്ധം പേറുന്നില്ല. 10 വർഷത്തിലധികമായി മാലിന്യങ്ങളുമായി വാഹനങ്ങൾ സർവോദയപുരത്തെത്തുന്നുമില്ല. പ്രദേശവാസികളുടെ സമരത്തിന്റെ ഭാഗമായാണ്‌ പ്ലാന്റ്‌ അടച്ചുപൂട്ടിയത്‌. എങ്കിലും കുന്നുകൂടിയ മാലിന്യം അവിടെ ബാക്കിയായി. ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ 16 ഏക്കറിലായി പരന്നുകിടക്കുന്ന പ്ലാന്റിൽ വർഷങ്ങളായി കെട്ടിക്കിടന്ന മാലിന്യങ്ങൾ രണ്ട്‌ വർഷം മുമ്പ്‌ ബയോ മൈനിങ്ങിലൂടെ നീക്കാൻ ആരംഭിച്ചു. ഒന്നാംഘട്ടത്തിൽ 32,000 ചതുരശ്ര മീറ്ററിൽ മാലിന്യം നീക്കി. രണ്ടാംഘട്ടം പ്രവർത്തനങ്ങൾ 40 ശതമാനം പൂർത്തിയായി. 7.2 കോടി രൂപ ആലപ്പുഴ നഗരസഭ പദ്ധതിക്ക്‌ ചെലവഴിച്ചു. കൂടാതെ സംസ്ഥാന സർക്കാർ ശുചിത്വമിഷൻ വഴി അനുവദിച്ച ഫണ്ടും ചേർത്താണ്‌ പ്രവർത്തനങ്ങൾ. ബയോമൈനിങ് യന്ത്രത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം നിറയ്‌ക്കുകയും യന്ത്രം ഇവ വേർതിരിച്ച് പ്ലാസ്‌റ്റിക്, ഗ്ലാസ്, റബർ തുടങ്ങിയവയ്‌യായി വേർതിരിക്കും. പകലും രാത്രിയുമായി ഷിഫ്റ്റ്‌ സംവിധാനത്തിലാണ്‌ തൊഴിലാളികൾ ജോലിചെയ്യുന്നത്. പ്ലാസ്‌റ്റിക് വിഭാഗത്തിലുള്ളവ സിമന്റ് ഫാക്‌ടറിയിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. ​ഇച്ഛാശക്തിയിൽ 
മാഞ്ഞു മാലിന്യമല 60 വർഷങ്ങൾക്കുമുമ്പാണ്‌ സർവോദയപുരത്ത്‌ മാലിന്യം നിക്ഷേപിച്ചുതുടങ്ങിയത്‌. ആദ്യം ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് മാത്രമാണുണ്ടായിരുന്നത്. ഇത് കുറച്ചുനാൾ മാത്രമേ പ്രവർത്തിച്ചുള്ളൂ. പിന്നീട്‌ പലവിധത്തിലുള്ള മാലിന്യങ്ങൾ ദിവസേന പത്തിലേറെ ലോറികളിലായി എത്തിച്ചിരുന്നു.സംസ്‌കരിക്കാൻ സംവിധാനമില്ലാത്തതിനാൽ ജൈവ, അജൈവ മാലിന്യങ്ങൾ ഒന്നിച്ച്‌ കുന്നുകൂടി. ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും കാര്യക്ഷമമായില്ല. മാലിന്യം കുന്നുകൂടിയതോടെ പ്രദേശമാകെ ദുർഗന്ധവും സമീപത്തെ വീട്ടുകാർക്ക് പുഴുശല്യവും അസുഖങ്ങളും വർധിച്ചപ്പോഴാണ്‌ നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങിയത്‌. പി പി ചിത്തരഞ്‌ജൻ എംഎൽഎയുടെയും നഗരസഭയുടെയും മറ്റ്‌ ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നാട്ടുകാരെയും രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത്‌ പ്രശ്‌നങ്ങൾ ചർച്ചചെയ്‌തു. പ്രദേശത്ത്‌ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യുമെന്ന്‌ വാക്കുനൽകിയിരുന്നു. മാലിന്യം മുഴുവനായി നീക്കംചെയ്‌ത്‌ കഴിഞ്ഞാൽ പാന്റ്‌ നിലനിൽക്കുന്ന സ്ഥലം ഏത് രീതിയിൽ പ്രയോജനപ്പെടുത്തണെമെന്ന്‌ ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന്‌ നഗരസഭാ സ്ഥിരംസമിതിയധ്യക്ഷൻ എം ആർ പ്രേം പറഞ്ഞു. 2026 ഫെബ്രുവരിയോടെ മുഴുവൻ മാലിന്യവും നീക്കുമെന്ന്‌ കരാർക്കമ്പനി ഉടമ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home