വൈറലായി വള്ളികുന്നത്തെ വാനമ്പാടികൾ

ചാരുംമൂട്
വൈറലായി വള്ളികുന്നത്തെ കുട്ടിപ്പാട്ടുകാരായ ഇശലും നിഹാരയും. സമൂഹമാധ്യമങ്ങളിലൂടെ പാട്ടുപാടി പിന്നീട് ഫ്ലവേഴ്സ് ടോപ് സിങ്ങർ മത്സരവേദിയിൽ ഇരുവരും പാട്ടിന്റെ പാലാഴി തീർത്തു. നിഹാര മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി. ഇശൽ അവസാന റൗണ്ട്‌വരെ പൊരുതി. ക്ഷേത്രോത്സവങ്ങളിലും സാംസ്‌കാരിക സംഘടനകളുടെ പരിപാടികളിലും പ്രമുഖ സംഘങ്ങളുടെ ഗാനമേളകൾ നടക്കുമ്പോൾ അവസരം ചോദിച്ച് പാടിയിരുന്ന ഇശലിന്റെ പാട്ട് സമൂഹമാധ്യമത്തിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടിരുന്നു. ശൂരനാട് മങ്ങാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന് ബന്ധുവീട്ടിൽ വിരുന്നുപോയ നിഹാര പാലാ കമ്യൂണിക്കേഷൻ ഗാനമേള സംഘത്തിന്റെ പരിപാടിക്കിടയിൽ തല്ലുമാല സിനിമയിലെ പാട്ട് പാടി. ഗാനമേള സംഘം എടുത്ത വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. വള്ളികുന്നം കടുവിനാൽ കുറ്റി വടക്കതിൽ എസ് അനിലിന്റെയും (വള്ളികുന്നം എസ്‌സിപിഒ) ആർ നിഷിദയുടെയും മകളാണ് ഇശൽ. ചത്തിയറ ഗവ. എൽപിഎസിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. വലിയ മഠത്തിനാൽ കെ സാബുവിന്റെയും അജിതയുടെയും മകളാണ് നിഹാര. കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. പള്ളിക്കൂടം ടിവിയുടെ ഗാനമേള സംഘത്തിൽ പ്രധാന ഗായകരാണ് ഇരുവരും. മറ്റ് ഗാനമേളസംഘങ്ങളിലെ പ്രത്യേക പാട്ടുകാരായും ഇരുവരും പാടുന്നുണ്ട്.







0 comments