കീച്ചേരി കടവ് അപകടം
അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചവർക്ക് നാടിന്റെ അന്ത്യാഞ്ജലി

എം എസ് അരുൺകുമാർ എംഎൽഎ രാഘവിന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്നു
മാവേലിക്കര, ഹരിപ്പാട്
അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിച്ചു. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക്കിന്റെ (24)യും തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തിൽ ബിനു (42) വിന്റെയും സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. രാഘവ് കാർത്തിക്കിന്റെ ചിതയ്‌ക്ക് ഇളയ സഹോദരൻ അദ്വൈത് കാർത്തിക്ക് തീ കൊളുത്തി. കാർത്തികേയന്റെയും ഗീതയുടെയും മകനാണ് രാഘവ് കാർത്തിക്ക്. പകൽ മൂന്നോടെയാണ് രാഘവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, കെ മധുസൂദനൻ, എം എസ് അരുൺകുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ജി അജയകുമാർ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അയ്യപ്പൻപിള്ള തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ബിനുവിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വൈകീട്ട് വീട്ടിലെത്തിച്ചു. അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി തിങ്കൾ പകൽ 1.15നായിരുന്നു അപകടം. അച്ചൻകോവിലാറ്റിന് കുറുകെയുള്ള കീച്ചേരി കടവ് പാലത്തിന്റെ നിർമാണത്തിനിടെയാണ് അപകടം. കോൺക്രീറ്റ് നടക്കുന്നതിനിടെ ലോഹത്തട്ടിന്റെ നട്ട് പൊട്ടി. മറ്റൊരു നട്ട് ഘടിപ്പിക്കുന്നതിനിടെ തട്ട് തകർന്ന് കോൺക്രീറ്റ് ഉൾപ്പെടെ ആറ്റിൽ പതിക്കുകയായിരുന്നു. ആറ്റിൽ വീണവരിൽ അഞ്ചുപേരും നീന്തിക്കയറി. രാഘവും ബിനുവും ഒഴുക്കിൽപ്പെട്ടു.









0 comments