മഴമാറി, വിത്തുകളെത്തി...ഒരുങ്ങുന്നു പുഞ്ചപ്പാടങ്ങള്‍

പാടശേഖരത്തിലെ കൃഷിക്ക് തൊഴിലാളികള്‍ നെല്‍വിത്തിറക്കുന്നു
കെ സുരേഷ് കുമാര്‍
Published on Nov 09, 2025, 12:37 AM | 1 min read
മാന്നാർ
മഴമാറിയ ആശ്വാസത്തില്‍ അപ്പര്‍കുട്ടനാടന്‍ പുഞ്ചപ്പാടങ്ങള്‍ നെല്‍കൃഷിക്കൊരുക്കി കര്‍ഷകര്‍. ചെന്നിത്തല, മാന്നാര്‍, ബുധനൂര്‍ പാണ്ടനാട്, പുലിയൂര്‍ എന്നിവിടങ്ങളിലായി 4500 ഏക്കര്‍ പാടങ്ങളാണ് നെല്‍കൃഷിക്ക് തയ്യാറായത്. മോട്ടോര്‍ പുരകളില്‍ പെട്ടിയും പറയും മോട്ടറുകളും സ്ഥാപിച്ച് വെള്ളം വറ്റിച്ചും ബണ്ടുകള്‍ ബലപ്പെടുത്തിയും പുറംമുട്ടുകളിട്ടും വാച്ചാല്‍ തോടുകള്‍ വൃത്തിയാക്കിയും നിലംമൊരുക്കുന്നതിന്റെ തിരക്കിലാണ് കര്‍ഷകര്‍. കാലം തെറ്റിയുള്ള മഴയും വെള്ളപ്പൊക്കവും കൃഷിയിറക്കിന് ബാധിച്ചു. വേനല്‍മഴ ഭീഷണിയും രാസവളക്ഷാമവും രോഗബാധ സാധ്യതയും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. പാടങ്ങളിലെ വെള്ളം വറ്റിക്കലും ചപ്പ് വാരലും നിലം ഉഴുത് മറിക്കലും സജീവമായി നടക്കുന്നു. ചെങ്ങന്നൂര്‍ സമൃദ്ധിയുടെ ഭാഗമായി എല്ലാ പാടങ്ങളിലും നെല്‍കൃഷിയുണ്ട്. മണ്ണിലെ പുളിരസം കളയാന്‍ നീറ്റുകക്ക വിതറി. ചെന്നിത്തല പാടശേഖരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം കിളിര്‍പ്പ് കുറവുള്ള നെല്‍വിത്ത് വിതരണം നടത്തിയതില്‍ പാടശേഖര സമിതികളില്‍ പരാതി ഉയര്‍ന്നതിനാല്‍ ഇക്കുറി ജ്യോതി, ഉമ എന്നീ നെല്‍വിത്തുകളാണ് വിതരണംചെയ്‌തത്. മാന്നാര്‍ പഞ്ചായത്ത് കൃഷി ഭവന്റെ കുരട്ടിശേരി വില്ലേജിലെ പാടശേഖരങ്ങളായ ഇടപുഞ്ച കിഴക്ക്, ഇടപുഞ്ച പടിഞ്ഞാറ്, കുടവെള്ളാരി എ, കുടവെള്ളാരി ബി, അരിയോടിച്ചാൽ, വേഴത്താര്‍, കണ്ടങ്കേരി, നാലുതോട്, കോയിക്കല്‍ പള്ളം എന്നിവിടങ്ങളില്‍ നെല്‍ കൃഷിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. കർഷകർക്കുള്ള നെല്‍വിത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം സൗജന്യമായാണ് നൽകുന്നത്. ഇടപുഞ്ച കിഴക്ക്, ഇടപുഞ്ച പടിഞ്ഞാറ്, കുടവെള്ളാരി എ, കുടവെള്ളാരി ബി, അരിയോടിച്ചാൽ എന്നീ പാടശേഖരങ്ങളിലെ കർഷകർക്കാണ് ആദ്യഘട്ടത്തിൽ ഉമ നെൽവിത്ത് നൽകിയത്. മാന്നാറിലെ നെൽവിത്ത് വിതരണം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശാലിനി രഘുനാഥ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എസ് ശാന്തിനി, കൃഷി ഓഫീസർ പി സി ഹരികുമാർ, അസി. കൃഷി ഓഫീസർ ആര്‍ സുധീർ, കൃഷി അസി. എസ് ശ്രീകുമാർ എന്നിവര്‍ സംസാരിച്ചു.









0 comments