ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം

കാർത്തികപ്പള്ളി
അച്ഛന്റെ കൈപിടിച്ച് സ്കൂൾകവാടം കടക്കുമ്പോഴും കുഞ്ഞു മിസ്റിയയുടെ മിഴിതോർന്നിരുന്നില്ല. ഗേറ്റിന് പുറത്തെ തിരക്കിലേക്ക് എത്തുമ്പോൾ രണ്ടാംക്ലാസുകാരി അച്ഛനോട് ചേർന്നു. കുറെക്കൂടെ ശക്തിയിൽ കൈയിൽത്തൂങ്ങി. ‘മോൾ പേടിച്ചുപോയോ’ എന്ന ചോദ്യത്തിന് മെല്ലെയൊന്ന് തലയാട്ടി. ‘അവൾ പേടിച്ചുപോയി. കരയുകയായിരുന്നു ’ അച്ഛന്റെ മറുപടി. കാർത്തികപ്പള്ളി യുപി സ്കൂളിനുനേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ സൃഷ്ടിച്ച ഭീകരാന്തരീക്ഷം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയുമെല്ലാം ഒരുപോലെ ആശങ്കയിലാക്കി. തിങ്കൾ രാവിലെ കാർത്തികപ്പള്ളി സ്കൂളിന് മുന്നിൽ സിപിഐ എമ്മും മറ്റ് രാഷ്ട്രീയ പാർടികളും രമേശ് ചെന്നിത്തല എംഎൽഎയ്ക്കും കോൺഗ്രസ് ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തിനെതിരെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾ ശാന്തമായി നടന്നതോടെ കുട്ടികളെ സ്കൂളിലാക്കി ആശങ്കകളില്ലാതെയാണ് രക്ഷിതാക്കളിൽ വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വീട്ടിലെത്തുംമുമ്പ് അക്രമത്തിന്റെ വാർത്തകളറിഞ്ഞ് രക്ഷിതാക്കളോടിയെത്തി. സ്കൂളിലേക്ക് ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പിന്നാലെയെത്തിയ രക്ഷിതാക്കളിൽ പലരും തടയാൻ ശ്രമിച്ചെങ്കിലും പട്ടികയിൽ കെട്ടിയ കൊടികൾ വീശി വളഞ്ഞവരുടെ ആക്രോശമായിരുന്നു മറുപടി. കുട്ടികൾ പേടിച്ച് കരയുകയാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. വിദ്യാഭ്യാസ ഉപഡയറക്ടറുടെയും തഹസിൽദാറുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിനെത്തിയ വനിതാ ജനപ്രതിനിധികളടക്കം അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുന്നിൽ കണ്ടതെല്ലാം തകർത്ത് അക്രമിസംഘം അഴിഞ്ഞാടിയതോടെ ക്ലാസ്മുറികൾ അടച്ച് കുട്ടികളെ സുരക്ഷിതരാക്കി അധ്യാപകർ കവചമൊരുക്കി. അപ്പോഴേക്കും സമരക്കാർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും സ്കൂളിന് മുന്നിൽ തടിച്ചുകൂടി. കൂടുതൽ രക്ഷിതാക്കളെത്തിയതോടെ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾ പതറി. നേതാക്കളോട് രക്ഷിതാക്കളിൽ പലരും തട്ടിക്കയറി. ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്കും മറുപടിയില്ലാതായി. സ്കൂളിനെ അപകീർത്തിപ്പെടുത്താനാണ് മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും രക്ഷിതാക്കൾ പരാതി ഉയർത്തി. അക്രമത്തിൽ സ്കൂളിനുണ്ടായ നാശനഷ്ടം പകർത്താൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. സമരക്കാരെ അറസ്റ്റ് ചെയ്ത് സ്കൂൾ അങ്കണത്തിന് പുറത്തെ വാഹനത്തിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. ജാള്യത മറയ്ക്കാൻ പ്രകോപന മുദ്രാവാക്യവുമായി സമരക്കാർ പുറത്തേക്ക് നീങ്ങി. അക്രമസമരക്കാരെ നേരിടാൻ നാട്ടുകാർ തയ്യാറെടുത്തതോടെ, പൊലീസ് വാഹനം സ്കൂളിനകത്തെത്തിച്ച് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.









0 comments