നെഹ്റുട്രോഫി തുരുത്തിൽനിന്നുള്ള മേൽപ്പാലം 29ന്‌ തുറക്കും

കടത്തുവള്ളം യാത്രയാകുന്നു; അവർ നഗരത്തിലേക്ക്‌ നടന്നെത്തും

നിർമാണം പൂർത്തിയായ നെഹ്‌റുട്രോഫി പാലം
വെബ് ഡെസ്ക്

Published on Aug 23, 2025, 01:19 AM | 1 min read

ആലപ്പുഴ

നൂറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് അറുതി വരാൻ ഇനി ആറുനാൾ. ശേഷം നെഹ്റുട്രോഫി തുരുത്തിന് മോചനം. ഇവിടുത്തെ ജനങ്ങളും ഇനി നടന്നെത്തുകയാണ്‌ ; മേൽപ്പാലത്തിലൂടെ നഗരത്തിലേക്ക്. ദുരിതത്തിന് പരിഹാരമാകുമ്പോൾ നിറവേറുന്നത്‌ തലമുറകളുടെ സ്വപ്‌നമാണ്. നെഹ്റുട്രോഫി സ്‌റ്റാർട്ടിങ്‌ പോയിന്റിൽ പുന്നമടക്കായലിന് കുറുകെ പൂർത്തിയായ മേൽപ്പാലം 29ന് മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനംചെയ്യുന്ന ധന്യനിമിഷത്തിന് സാക്ഷിയാകാൻ കാത്തിരിക്കുകയാണ് നാടാകെ. അത്യാഹിതമുണ്ടാകുമ്പോഴും വള്ളങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന ദുരിതത്തിനാണ് പരിഹാരമായത്. നിർമാണം പുരോഗമിക്കുന്ന പുന്നമട പാലം കൂടെ പൂർത്തിയാകുന്നതോടെ തുരുത്തിലെ ജീവിതം പുരോഗതിയിലേക്ക് കുതിക്കും. ഒപ്പം ടൂറിസം മേഖലയുടെ വികസനവും. ആലപ്പുഴ നഗരത്തിന്റെ ഭാഗമെങ്കിലും നഗരത്തിലേക്ക് കടക്കാൻ ഇവിടത്തെ രണ്ടായിരത്തോളം ജനങ്ങൾ നൂറ്റാണ്ടുകളായി ആശ്രയിച്ചിരുന്ന കടുത്തുവള്ളം ഓർമയാകും. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രി, കലക്‌ടറേറ്റ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ, കോടതി തുടങ്ങി എവിടെ പോകണമെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക്‌ ആശ്രയം കടത്തുവള്ളമായിരുന്നു. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ്‌പോർട് സെക്‌ടറിൽ ഉൾപ്പെടുത്തിയാണ് 3.509 കോടി രൂപ ചെലവിൽ നടപ്പാലം നിർമിച്ചത്. ബോട്ടുകൾക്ക് കായലിലൂടെ പോകാൻ കഴിയുന്ന നിലയിൽ ജലനിരപ്പിൽനിന്ന് ആറ്‌ മീറ്റർ ഉയരത്തിലാണ് പാലം നിർമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home