സ്വപ‍്നം പൂവിട്ടു, പുന്നമടയ്‌ക്ക്‌ കുറുകെ

നെഹ്‌റുട്രോഫി നടപ്പാലം ഉദ്‌ഘാടനശേഷം പാലത്തിൽനിന്ന് സെൽഫിയെടുക്കുന്ന മന്ത്രി എം ബി രാജേഷ്. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, കലക‍്ടർ അലക‍്സ് വർഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ എന്നിവർ സമീപം
വെബ് ഡെസ്ക്

Published on Aug 30, 2025, 01:24 AM | 1 min read

ആലപ്പുഴ

മന്ത്രി എം ബി രാജേഷിന്റെ വാഹനം നെഹ്‌റുട്രോഫി സ്റ്റാർട്ടിങ്‌ പോയിന്റിലേക്ക്‌ എത്തുന്നതിന്‌ വളരെ മുന്നേ നാട്ടുകാർ ആഘോഷം തുടങ്ങി. മന്ത്രിയും ജനപ്രതിനിധികളും എത്തിയതോടെ ആഘോഷം ഫുൾപവറിൽ. കടത്തുവള്ളത്തെ മാത്രം ആശ്രയിച്ചിരുന്ന 625 കുടുംബങ്ങള്‍ക്ക് ആശ്രയമായ ഫുട്ട്‌ ഓവർ ബ്രിഡ്‌ജ്‌ മന്ത്രി എം ബി രാജേഷ്‌ നാടിന്‌ സമർപ്പിച്ചു. വള്ളംകളി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ പുന്നമടക്കായലിനു കുറുകെ നഗരസഭ നിർമിച്ച ആധുനികമായ നടപ്പാലം അമൃത് പദ്ധതിയില്‍ 3.5 കോടി രൂപ ചെലവഴിച്ചാണ്‌ പൂർത്തിയാക്കിയത്‌. വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന പാലം പൂര്‍ത്തിയാകുന്നതോടെ ദുരിതത്തിന് പൂര്‍ണ വിരാമമാകും. ടൂറിസം വികസനത്തിനും മുതൽക്കൂട്ടാവും. പുരവഞ്ചികള്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ ആറ് മീറ്റര്‍ ഉയരത്തിലാണ്‌ പാലം. യന്ത്രങ്ങളും വാഹനങ്ങളും എത്തിപ്പെടാന്‍ പറ്റാത്തതിനാൽ 2019 ല്‍ ഭരണാനുമതി ലഭിച്ചിട്ടും ആരും നിർമാണം ഏറ്റെടുത്തില്ല. അമൃത് 1.0 യില്‍ ഉള്‍പ്പെട്ടതിനാല്‍ 2025 ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത പദ്ധതികള്‍ റദ്ദാക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭായോഗം നഗരസഭയ്ക്ക് പ്രത്യേക അനുമതി നൽകുകയായിരുന്നു. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ, കലക്‌ടർ അലക്സ് വര്‍ഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ വൈസ് ചെയര്‍മാന്‍ പി എസ്എം ഹുസൈന്‍, സ്ഥിരംസമിതി അധ്യക്ഷരായ എം ആര്‍ പ്രേം, എ എസ് കവിത, നസീര്‍ പുന്നക്കല്‍, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, അമൃത് അര്‍ബന്‍ പ്ലാനര്‍ ജയശ്രീ, കക്ഷിനേതാക്കളായ പി രതീഷ്, അജയ് സുധീന്ദ്രന്‍, ഡി സലിംകുമാര്‍, അഗസ്റ്റ്യന്‍ കരിമ്പുംകാല, സുബാഷ് ബാബു എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home