കേന്ദ്രം കുറുക്കുവഴിയിലൂടെ ജനവിധി മറികടക്കുന്നു: എളമരം കരീം

പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ വലിയ ചുടുകാട് സ്മൃതി മണ്ഡപത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ/കഞ്ഞിക്കുഴി
അധികാരം ഉപയോഗിച്ച് ജനവിധിയെ കുറുക്കുവഴിയിലൂടെ മറികടക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. പി കൃഷ്‌ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട്ടിലും കണ്ണർകാട് പി കൃഷ്‌ണപിള്ള സ്‌മൃതി മണ്ഡപത്തിലും നടന്ന അനുസ്‌മരണ സമ്മേളനങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചോദ്യം ചെയ്യുന്നവരെ അധിക്ഷേപിക്കുകയും രാജ്യദ്രോഹികളായി ചിത്രീകരിക്കുകയുമാണ്. ജനാധിപത്യ സംവിധാനം ഭീഷണി നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നത്. 76 ലക്ഷം പേരെയാണ് ബിഹാറിൽ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തത്. കൂട്ടിച്ചേർത്തവരുടെ കണക്കുകൾ പുറത്തു വന്നിട്ടില്ല. അമിത്‌ഷായുടെ വിശ്വസ്‌തനായി ബിജെപിക്കുവേണ്ടി ചെയ്ത പ്രവൃത്തികൾക്ക് പ്രത്യുപകാരമായി നൽകിയതാണ് ഗ്യാനേഷ് കുമാറിന് തെരഞ്ഞെടുപ്പ് കമീഷണർ പദവി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയാറാക്കുന്ന വോട്ടർപട്ടികയിൽ വീട്ടുനമ്പരില്ലാത്തവർക്കും വോട്ട് നൽകുന്നു. ഒഴിവാക്കപ്പെട്ട വോട്ടർമാർ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യം സുപ്രീം കോടതിയിലെത്തി. നിലവിലുണ്ടായിരുന്ന പട്ടികയിൽ നിന്ന് നീക്കം ചെയ്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ പ്രസിദ്ധീകരിച്ചില്ല. കള്ളവോട്ട് ചേർത്തതിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. പാർലമെന്റിന് അകത്തും പുറത്തും ശബ്‌ദമുയർത്തി. ജനങ്ങൾക്ക് ബോധ്യമാകുന്ന മറുപടി നൽകാൻ പോലും തെരഞ്ഞെടുപ്പ് കമീഷന് കഴിയുന്നില്ല. കേരളത്തിൽ തൃശൂർ മണ്ഡലത്തിലും കള്ളവോട്ട് ചേർത്തെന്ന് ആക്ഷേപമുയർന്നു. ഫ്ലാറ്റുകളിൽ, വിലാസമറിയാത്ത 50ന് മുകളിൽ വോട്ടുകൾ ചേർത്തിട്ടുണ്ട്. ഇത്തരം വോട്ടുകളുപയോഗിച്ചാണ് സുരേഷ് ഗോപി ജയിച്ചത്. ഇതിനൊക്കെ സംരക്ഷണം കൊടുക്കലാണ് ഭരണകൂടത്തിന്റെ ചുമതലയെങ്കിൽ ജനങ്ങൾക്ക് എന്ത് നീതിയാണ് ലഭിക്കുന്നത്. ഒരിടത്ത് മാത്രമല്ല നരേന്ദ്രമോദി മത്സരിച്ച വാരണാസി മണ്ഡലമുൾപ്പെടെ എല്ലായിടത്തും കൃത്രിമം കാണിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കേരളം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാണ് മുന്നേറിയത്. ഇപ്പോൾ അതിദാരിദ്ര്യം തീർക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇൗ സാഹചര്യം തകർക്കാനാണ് ശ്രമം. ഇതിനായി രാഷ്‌ട്രീയ ഉപജാപങ്ങളിലൂടെ നമ്മുടെ പ്രസ്ഥാനങ്ങളെ ദുർബലമാക്കാൻ ശ്രമിക്കുന്നു. ദിവസേന കള്ളക്കഥകളും കള്ളവാർത്തകളും ഉണ്ടാക്കിവിടുന്നു. കേന്ദ്രസർക്കാരിന്റെ ഇത്തരം ജനവിരുദ്ധനയങ്ങൾക്കെതിരെ സമരം ചെയ്യാനുള്ള ആവേശം നമുക്ക് ലഭിക്കുന്നത് പി കൃഷ്‌ണപിള്ളയെപ്പോലുള്ള നേതാക്കൾ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളിൽനിന്നാണെന്ന് എളമരം കരീം പറഞ്ഞു.









0 comments