ആറാട്ടുവഴി ബീച്ച് പാലം പുനർനിർമിക്കണം

അന്ധകാരനഴി പൊഴിച്ചാലിന് കുറുകെയുള്ള അപകടാവസ്ഥയിലുള്ള ആറാട്ടുവഴി ബീച്ച് പാലം
തുറവൂർ
തീരദേശവാസികൾ ഏറെ ആശ്രയിക്കുന്ന ആറാട്ടുവഴി ബീച്ച് നടപ്പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നുപതിറ്റാണ്ടുമുമ്പ് നിർമിച്ച പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ നിലയിലാണ്. പാലത്തിന്റെ കൈവരികൾ എല്ലാം തകർന്നു. അന്ധകാരനഴി പൊഴിച്ചാലിന് കുറുകെ പട്ടണക്കാട് പഞ്ചായത്തിലെ ആരാശുപുരം, ആറാട്ടുവഴി, പടിഞ്ഞാറെ വെട്ടക്കൽ, അഴീക്കൽ വാർഡുകളെ ബന്ധിച്ച് 65 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. മുമ്പ് ഇതുവഴി ഇരുചക്ര വാഹനങ്ങളും ചെറിയ കാറുകളും കടന്നുപോയിരുന്നു. എന്നാൽ പാലം അപകടാവസ്ഥയിലായതോടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. ആറാട്ടുവഴി തീരദേശത്തുള്ളവർക്ക് പാലംവഴി ദേശീയപാതയിൽ എത്താൻ മൂന്ന് കിലോമീറ്റർ താണ്ടിയാൽ മതിയായിരുന്നു. എന്നാൽ പാലത്തിന്റെ അപകടാവസ്ഥ മൂലം ഏഴ് കിലോമീറ്റർ ചുറ്റി അന്ധകാരനഴിയോ തൈക്കലോ വഴി ദേശീയപാതയിൽ എത്തേണ്ട സ-്‌ഥിതിയാണ്. മത്സ്യ, കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുനിന്ന് വെട്ടക്കൽ ഗവ. ആശുപത്രി, പട്ടണക്കാട് വില്ലേജ് ഓഫീസ്, ഉഴുവ കൃഷിഭവൻ, പട്ടണക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ എത്താൻ ആശ്രയിക്കുന്നത് പാലത്തെയാണ്. 2018ൽ മന്ത്രി പി തിലോത്തമന്റെ ഇടപെടലിൽ പാലം നിർമാണത്തിന് ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. വാഹനഗതാഗതത്തിന് 10 മീറ്റർ വീതിയിൽ പാലം പുനർ നിർമിക്കാനായിരുന്നു പദ്ധതി. തുടർന്ന് മണ്ണുപരിശോധനയും നടത്തി. എന്നാൽ തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. വാഹനഗതാഗതത്തിന് യോഗ്യമായ പാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് പട്ടണക്കാട് പ്രതീക്ഷ അസോസിയേഷൻ പ്രസിഡന്റ് പി എസ് മാമച്ചൻ പനയ-്‌ക്കലും സെക്രട്ടറി പ്രസന്നകുമാർ കുന്നത്തും ആവശ്യപ്പെട്ടു.









0 comments