വൈക്കം സത്യഗ്രഹ–നവോത്ഥാന ചരിത്രസ്‌മൃതി ഉയരും

അരൂക്കുറ്റിയിൽ തന്തൈ പെരിയാർ 
സ്‌മാരകത്തിന്‌ കല്ലിട്ടു

അരൂക്കുറ്റിയിൽ തമിഴ്‌നാട്‌ സർക്കാർ നിർമിക്കുന്ന ഇ വി രാമസ്വാമി  (തന്തൈ പെരിയാർ) സ്‌മാരക നിർമാണം  
മന്ത്രി എ വി വേലു ഉദ്‌ഘാടനംചെയ്യുന്നു. മന്ത്രി സജി ചെറിയാൻ, തമിഴ്‌നാട്‌ മന്ത്രി എം പി സ്വാമിനാഥൻ, ദലീമ എംഎൽഎ എന്നിവർ സമീപം
avatar
ടി പി സുന്ദരേശൻ

Published on Sep 27, 2025, 01:54 AM | 1 min read

ചേർത്തല

അയിത്തം അവസാനിപ്പിച്ച്‌ അധഃസ്ഥിത–-പിന്നാക്ക ജനതയ്‌ക്ക്‌ ആരാധനാസ്വാതന്ത്ര്യവും വഴിനടക്കാൻ അവസരവും ലഭിക്കുന്നതിൽ നിർണായകമായ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ജയിലിലായ തമിഴ്‌ നവോത്ഥാന പോരാളി തന്തൈ പെരിയാറിന്‌ അരൂക്കുറ്റിയിൽ സ്‌മാരകം ഉയരുന്നു. തമിഴ്‌നാട്‌ മന്ത്രി എ വി വേലു സ്‌മാരകത്തിന്‌ കല്ലിട്ടു. തമിഴ്‌നാട് മന്ത്രി എം പി സ്വാമിനാഥനും പങ്കെടുത്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ദലീമ എംഎൽഎ, കലക്‌ടർ അലക്‌സ്‌ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിത, പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിമോൾ അശോകൻ, പഞ്ചായത്ത് അംഗം വിദ്യ രഞ്‌ജിത്ത്, പൊതുമരാമത്ത് ചീഫ് എൻജിനിയർ ആർ രംഗനാഥൻ, ചെന്നൈ പൊതുമരാമത്ത് ചീഫ് എൻജിനിയർ എസ് മണിവർണൻ എന്നിവർ സംസാരിച്ചു. തമിഴ്‌നാട്‌ സർക്കാരിന്റെ അഭ്യർഥന പരിഗണിച്ച്‌ സംസ്ഥാനം വിട്ടുനൽകിയ അരൂക്കുറ്റിയിലെ 55.5 സെന്റ്‌ ഭൂമിയിലാണ്‌ സ്‌മാരകനിർമാണം. ​സാമൂഹ്യപരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ നായകരിൽ പ്രധാനിയുമായ പെരിയാർ ഇ വി രാമസ്വാമി അരൂക്കുറ്റി ജയിലിൽ ഒരുമാസമാണ്‌ കഴിഞ്ഞത്‌. രാജഭരണകാലത്ത്‌ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിർത്തിയായ അരൂക്കുറ്റിയിലായിരുന്നു ജയിൽ. 1924 മെയ്‌ 21നാണ്‌ പെരിയാർ അറസ്‌റ്റിലായി ജയിലിൽ എത്തിയത്‌. അന്നത്തെ ജയിൽകെട്ടിട അവശിഷ്ടം ചരിത്രസാക്ഷ്യമായി അരൂക്കുറ്റിയിലുണ്ട്‌. ചരിത്രാന്വേഷികളുടെയും സഞ്ചാരികളുടെയും സന്ദർശനകേന്ദ്രമായി മാറുന്ന തരത്തിലാണ്‌ സ്‌മാരകം തമിഴ്‌നാട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. ജയിൽമാതൃകയിലാകും സ്‌മാരകം. തന്തൈ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്‌, ഇതര വിനോദസഞ്ചാര പദ്ധതികൾ എന്നിവ സ്‌മാരകത്തിന്റെ ഭാഗമാകും.



deshabhimani section

Related News

View More
0 comments
Sort by

Home