ആവേശം തുഴയെറിഞ്ഞു ഒഴുകിയെത്തിയത് പതിനായിരങ്ങൾ

തകഴി
വീറും വാശിയും തുഴത്താളങ്ങളിൽ നിഴലിച്ച സിബിഎൽ പോര് കാണാൻ കൈനകരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. വെള്ളി പകൽ 12ഓടെ പമ്പയുടെ ഇരുകരകളും വള്ളംകളിപ്രേമികളാൽ നിറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന പരിപാടികൾക്കാണ് സംഘാടകസമിതി നേതൃത്വംനൽകിയത്. വ്യാഴാഴ്‌ച സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, നാടകം, കലാപരിപാടി വേദികളിലും വലിയ പങ്കാളിത്തമുണ്ടായി. വെള്ളി പകൽ 2.30ന് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് പതാക ഉയർത്തിയതോടെ വള്ളംകളിക്ക് തുടക്കമായി. ടൂറിസം അഡീഷണൽ ഡയറക്‌ടർ ശ്രീധന്യ സുരേഷ് മാസ്ഡ്രിൽ ഫ്ലാഗ്ഓഫ് ചെയ്‌തു. കലക്‌ടർ അലക്‌സ് വർഗീസ് സന്ദേശം നൽകി. ടെക്‌നിക്കൽ കമ്മിറ്റി അംഗം കെ കെ ഷാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, കൾച്ചറൽ കമ്മിറ്റി ചെയർമാൻ കെ എ പ്രമോദ്, ചാവറ ഭവൻ ഡയറക്‌ടർ ഫാ. തോമസ് ഇരുമ്പുകുത്തിയിൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് മന്ത്രി പി പ്രസാദ് ട്രോഫികൾ സമ്മാനിച്ചു.









0 comments