സൂപ്പർ സ്‌പെഷ്യൽ ആരോഗ്യം

സൂപ്പർ സ-്പെഷ്യാലിറ്റി ബ്ലോക്ക്
ഗോകുൽ ഗോപി
Published on Nov 21, 2025, 02:23 AM | 2 min read
ആലപ്പുഴ
മികച്ച സംവിധാനങ്ങളോടെ വികസിത രാജ്യങ്ങളുടേതിന് തുല്യമായി ആരോഗ്യമേഖലയെ മാറ്റിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി. അടിസ്ഥാന വികസനത്തിലും രോഗചികിത്സയിലും അക്കാദമിക് രംഗത്തും മുന്നേറ്റമുണ്ടാക്കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെ അടിമുടി മാറി. തീരദേശ ജില്ലയായ ആലപ്പുഴയുടെ അഭിമാനമായി തലയുയർത്തിനിൽക്കുകയാണ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി. രോഗീ സൗഹൃദ പ്രവർത്തനങ്ങളുമായി ആശുപത്രി കുതിക്കുകയാണ്. വിപ്ലവാത്മകമായ പുരോഗതിയാണ് നേടിയത്. 177 കോടിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് വർഷം. പിഎംഎസ്എസ്‌വൈയിൽ 120 കോടിയും 57 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ആറുനിലകളിലായി 177 കോടി രൂപ ചെലവിലാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമിച്ചത്. 2010ൽ വി എസ് സർക്കാരാണ് മെഡിക്കൽ കോളേജിനെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്‌തത്. 2023 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്ലോക്ക് ഉദ്ഘാടനംചെയ്തത്. സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായി 200 കിടക്കകൾ ഒരുക്കി. 12 മെഡിക്കല്‍ ഐസിയു, എട്ട് സര്‍ജിക്കല്‍ ഐസിയു, എന്നിവയുൾപ്പെടെ 50 ഐസിയു കിടക്കകളും സജ്ജമാക്കി. നൂതന ഉപകരണങ്ങളടക്കം സജ്ജീകരിച്ച ആറ് പോസ്റ്റ് കാത്, സ്‌റ്റെപ് ഡൗണ്‍ ഐസിയുകൾ സ്ഥാപിച്ചു. 3.85 കോടിയുടെ ഡെന്റല്‍ കോളേജ് 2014ൽ കല്ലിട്ട ഡെന്റല്‍ കോളേജ് നിർമാണം പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാർ. 3.85 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായാണ് പുതിയ കെട്ടിടം. നാല് ക്ലാസ് മുറി, ക്ലിനിക്ക്, 50 പേര്‍ക്ക് ഒരേസമയം പരീക്ഷയെഴുതാന്‍ കഴിയുന്ന ഹാൾ, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കായി പ്രത്യേകംമുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ. ഒരു ക്ലാസില്‍ 50 കുട്ടികള്‍ വീതം ആറു ബാച്ചുകൾ. പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിലാണ് കോളേജിന്റെ പ്രവർത്തനം ആരംഭിച്ചത്. ഒറ്റനില കെട്ടിടത്തിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കോളേജിന് അനുമതി ലഭിച്ചിരുന്നില്ല. തുടർന്നാണ് രണ്ട് നിലകൾ നിർമിച്ച് എൽഡിഎഫ് സർക്കാർ അനുമതി നേടിയെടുത്തത്. രോഗനിർണയത്തിന് ഡിഎസ്എ കൃത്യത അനിനൂതനമായ ഡിജിറ്റൽ സബ്‌സ്ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡി എസ് എ) യന്ത്രമുപയോഗിച്ചാണ് രോഗം നിർണയം. രക്തക്കുഴലുകളുടെ ആന്തരിക ഉപരിതലം വ്യക്തതയോടെ കാണുന്നതിനൊപ്പം, ധമനികൾ, സിരകൾ, ഹൃദയ അറകൾ എന്നിവ കാണാൻ യന്ത്രം ഏറെ സഹായകരമാണ്. തലച്ചോറിലെ അന്യൂറിസവും (പ്രത്യേകിച്ച് ഇൻട്രാക്രീനിയൽ അന്യൂറിസം) രക്തസ്രാവവും വേഗത്തിൽ കണ്ടെത്താം. 6.50 കോടി ചെലവഴിച്ച് യന്ത്രം സജീകരിച്ചത്. സ്വകാര്യ ആശുപത്രികളിൽ ഇൗ ചികിത്സയ്ക്കു മൂന്നു മുതൽ 4.50 ലക്ഷം രൂപവരെ ചെലവുവരും. 30 കോടിയിൽ 5 നില മന്ദിരം നബാർഡ് സഹായത്താൽ സംസ്ഥാന സർക്കാർ 30 കോടി ചെലവിൽ അഞ്ച് നിലകളിലായാണ് ഗർഭിണികൾക്കും കുട്ടികൾക്കും കെട്ടിടസമുച്ചയം നിർമിച്ചത്. ഒപി, രജിസ്ട്രേഷൻ കൗണ്ടർ, അത്യാഹിതം എന്നിവയാണ് താഴത്തെ നിലയിൽ. ക്ലാസ് മുറികൾ ഒന്നാം നിലയിലും. രണ്ടാം നിലയിൽ ലേബർ റൂം, ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവയാണ്. മൂന്നാം നിലയിൽ പീഡിയാട്രിക് എൻഐസിയു, എസ്എൻസിയു, 45 കിടക്കയുടെ മദർ ആൻഡ് ചിൽഡ്രൺസ് യൂണിറ്റ് എന്നിവയും നാലാംനിലയിൽ രണ്ട് ശസ്ത്രക്രിയാ തിയറ്റർ, വന്ധ്യതചികിത്സാ കേന്ദ്രം, യൂട്രസ് നീക്കാൻ സംവിധാനങ്ങൾ ഉൾപ്പടെയും. ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (ഒ ആൻഡ് ജി) എന്ന മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് സെന്ററും ബ്ലോക്കിലുണ്ട്. കൃത്രിമ രക്തധമനി വച്ചുപിടിപ്പിക്കാൻ അത്യപൂർവ ശസ്ത്രക്രിയ കാർത്തികപ്പള്ളി പുത്തൻമണ്ണേൽ രണദേവിന് കൃത്രിമ രക്തധമനി വച്ചുപിടിപ്പിച്ച് മെഡിക്കൽ കോളേജ് മറ്റോരു ചരിത്രം കുറിച്ചു. പത്തുമണിക്കൂർ നീണ്ട അത്യപൂർവ ശസ്‌ത്രക്രിയ ചരിത്രമായി. മഹാധമനിയിൽനിന്ന് തലച്ചോറിലേക്ക് രക്തംപോകുന്ന ധമനിക്ക് സമീപമാണ് വീക്കം (അയോർട്ടിക് ആർച്ച് അന്യൂറിസം) കണ്ടെത്തിയത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗാവസ്ഥയാണ് ഭേദമാക്കിയത്. ശസ്‌ത്രക്രിയക്ക് ആവശ്യമായ വിലയേറിയ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്‌പ്) ഉൾപ്പെടുത്തിയതിനാൽ മൂന്നുലക്ഷം രൂപ മാത്രം ചെലവിൽ ഒതുക്കാനുമായി. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപ ചെലവുവരും.









0 comments