എസ് പി കളത്തിലിറങ്ങി; ആലപ്പുഴ കളി നേടി

ക്ലീൻ ബൗൾഡ്... ആലപ്പുഴ എസ്ഡി കോളേജിലെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജില്ലാ പൊലീസ് എറണാകുളം റെയിഞ്ച് ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡിഐജീസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിലെ മത്സരത്തിൽ എറണാകുളം സിറ്റിയുടെ മുകേഷിന്റെ വിക്കറ്റ് നഷ്ടമാകുന്നു ഫോട്ടോ : കെ എസ് ആനന്ദ്
ആലപ്പുഴ
ക്രമസമാധാനപാലനത്തിന്റെ പിരിമുറുക്കങ്ങളും സേനയ്‌ക്കുള്ളിലെ വലിപ്പച്ചെറുപ്പങ്ങളുമില്ലാതെ കളിക്കളത്തിലെത്തിയ അവസരം ആഘോഷമാക്കി എറണാകുളം റേഞ്ചിലെ പൊലീസുകാർ. ആലപ്പുഴ എസ്ഡി കോളേജിലെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് (ഡിഐജിസ് കപ്പ്) ആണ് പൊലീസുകാരുടെ ആവേശപ്പോരിന് വേദിയായത്. രണ്ട് ദിവസമായി നടക്കുന്ന ടൂർണമെന്റിൽ എറണാകുളം പൊലീസ് റേഞ്ചിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം റൂറൽ, എറണാകുളം സിറ്റി പൊലീസ് ജില്ലകളിൽനിന്നുള്ള അഞ്ച് ടീമാണ് ഏറ്റുമുട്ടുന്നത്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ടൂർണമെന്റ് ഉദ്ഘാടനംചെയ്‌തു. ആദ്യ മത്സരത്തിൽ ആലപ്പുഴ കോട്ടയത്തെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചു. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രനും ആലപ്പുഴയ്‌ക്കായി കളിക്കുപ്പായമിട്ടു. രണ്ടാം മത്സരത്തിൽ എറണാകുളം സിറ്റി എറണാകുളം റൂറൽ ടീമിനെ 22 റൺസിന് തോൽപ്പിച്ചു. ചൊവ്വാഴ്‌ച സെമിയും ഫൈനലും നടക്കും. ശേഷം എറണാകുളം റേഞ്ച് ഡിഐജി ഡോ. സതീഷ് ബിനോ സമ്മാനം വിതരണംചെയ്യും.









0 comments