ഓർമകളിൽ സീതാറാം

തിരുവനന്തപുരം
സിപിഐ എം ജനറൽ സെക്രട്ടറിയും പാർലമെന്റേറിയനുമായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ച് കേരളം. ബിജെപിയുടെ കിരാത ഭരണത്തിന് അറുതിവരുത്താൻ ഇന്ത്യ സഖ്യമെന്ന കൂട്ടായ്‌മയ്‌ക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവിന്റെ ഓർമപുതുക്കി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പുത്തലത്ത് ദിനേശൻ, ടി പി രാമകൃഷ്ണൻ, കെ എസ് സലീഖ, സി എസ് സുജാത എന്നിവർ പങ്കെടുത്തു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ അസോസിയറ്റ് എഡിറ്റർ എൻ മധു പതാകയുയർത്തി. സിപിഐ എം ലോക്കൽ സെക്രട്ടറി പി അനിൽകുമാർ അധ്യക്ഷനായി. യെച്ചൂരിയുടെ ഒന്നാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പാർടി ഓഫീസുകളും അലങ്കരിച്ച് രക്‌തപതാക ഉയർത്തി. പുഷ്‌പാർച്ചന, ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് അനുസ്‌മരണ സമ്മേളനങ്ങൾ എന്നിവയും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരകമന്ദിരത്തിൽ രാവിലെ 9.30ന് ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം വി ബി അശോകൻ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു എരമല്ലൂരും കെ പ്രസാദ് തൃച്ചാറ്റുകുളത്തും സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ കണ്ടല്ലൂരും അനുസ്‌മരണ സമ്മേളനങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. മുല്ലയ്‌ക്കൽ ലോക്കൽ കമ്മിറ്റിയുടെ അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി ആലപ്പുഴ യൂണിറ്റിൽ ന്യൂസ് എഡിറ്റർ ലെനി ജോസഫ് പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി.









0 comments