കുമരകം ബോട്ട് ദുരന്തവാർഷികം
മുഹമ്മയിൽ ഗാനാഞ്ജലിയും പുഷ്പാർച്ചനയും

കുമരകം ബോട്ട് ദുരന്തദിനത്തിൽ അരങ്ങ് സോഷ്യൽ സർവീസ് ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ‍്ന ഷാബു ദീപം തെളിയിക്കുന്നു
മുഹമ്മ
കുമരകം ബോട്ട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മുഹമ്മ ഗ്രാമം ഓർമപ്പൂക്കൾ അർപ്പിച്ചു. 23–ാമത് അനുസ്മരണദിനത്തിൽ ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഹമ്മ ബോട്ട് ജെട്ടിയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. 2002 ജൂലൈ 27ന് രാവിലെ മുഹമ്മയിൽനിന്ന് കുമരകത്തേക്ക് പോയ ജലഗതാഗതവകുപ്പിന്റെ എസ് 53 നമ്പർ ബോട്ടാണ് വേമ്പനാട്ടുകായലിൽ അപകടത്തിൽപ്പെട്ട് പിഞ്ചുകുഞ്ഞടക്കം 29 പേർ മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ അശ്വിൻ ബിജു അധ്യക്ഷനായി. കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് അരുൺ പ്രശാന്ത്, മേഖലാ സെക്രട്ടറി വി വിഷ്ണു, അരുൺ ബാബു, റിൻഷാദ്, അരുൺകുമാർ, വിപിൻദാസ്, അശ്വതി, കെ പി വിഷ്ണു, ജീവൻ ദാസ് എന്നിവർ സംസാരിച്ചു. അരങ്ങ് സോഷ്യൽ സർവീസ് ഫോറം ദീപം തെളിച്ച് അനുസ്മരണ ഗാനവുമായി പുഷ്പാർച്ചന നടത്തി. അരങ്ങ് രക്ഷാധികാരി സി പി ഷാജി അധ്യക്ഷനായി. ജീമോൻ മുഹമ്മ എഴുതി ആലപ്പി ഋഷികേശ് സംഗീതം നൽകിയ അനുസ്മരണ ഗാനം ദേവിക സുരേഷ്കുമാറും അനന്യ പി അനിലും ചേർന്ന് ആലപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ‍്ന ഷാബു, പി എസ് സന്തോഷ്കുമാർ, സി കെ മണി ചീരപ്പൻചിറ, ബേബി തോമസ്, ചന്ദ്രൻ കറുകക്കളം, വിജയകുമാർ, പ്രകാശൻ തണ്ണീർമുക്കം, സി വി വിദ്യാസാഗർ, വിജു ദാസൻ, ടോമിച്ചൻ കണ്ണയിൽ എന്നിവർ സംസാരിച്ചു.









0 comments