ഡോ. വന്ദന ദാസിന്റെ പേരിൽ രണ്ടാം ആശുപത്രി തുറന്നു

ഡോ. വന്ദനദാസ് മെമ്മോറിയൽ ആശുപത്രി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കടുത്തുരുത്തി
ജോലിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ ജന്മനാട്ടിൽ മധുരവേലിക്ക് സമീപം പ്ലാമൂട് ജങ്‌ഷനിൽ ആരംഭിച്ച ആശുപത്രി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്‌തു. കൊലയാളിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ നേടിക്കൊടുക്കാൻ സർക്കാർ മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദനയുടെ പേരിൽ തൃക്കുന്നപ്പുഴയിൽ ആദ്യ ആശുപത്രി തുറന്നപ്പോൾ സാധാരണക്കാർക്ക് വലിയനേട്ടമായി. മധുരവേലിയിലെ ആശുപത്രിയും നാട്ടുകാർക്ക് സഹായമാകും. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ സേവനം ഇവിടെ ലഭിക്കാൻ നടപടി സ്വീകരിക്കും. വന്ദനയുടെ കുടുംബവീടിനോട് ചേർന്ന് നിർമിക്കാൻ പോകുന്ന സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ട സഹായങ്ങൾ സർക്കാർനൽകും. സുമനസുകളുടെ സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. ഫാർമസി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയയും ഡിഡിആർസി ലാബ് ഐഎംഎ ജില്ലാ ചെയർമാൻ ഡോ. ആർ പി രഞ്‌ജിനും ഉദ്ഘാടനംചെയ്‌തു. കോ–ഓർഡിനേറ്റർമാരായ പി ജി ഷാജിമോൻ സ്വാഗതവും ഡോ. ലക്ഷ്‌മിപ്രിയ നന്ദിയും പറഞ്ഞു.









0 comments