നിർമാണം വ്യാഴാഴ്‌ച ആരംഭിക്കും

ഉയരും റവന്യു ടവർ; 
സേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ

 റവന്യു ടവർ കെട്ടിടം

ചെങ്ങന്നൂരിലെ നിർദിഷ്ട റവന്യു ടവർ കെട്ടിട സമുച്ചയത്തിന്റെ രേഖാചിത്രം

avatar
സ്വന്തം ലേഖകൻ

Published on Aug 11, 2025, 01:44 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂരിന്റെ ചിരകാല ആവശ്യമായിരുന്ന റവന്യൂ ടവർ യാഥാർഥ്യമാകുന്നു. വ്യാഴം പകൽ 11ന് മന്ത്രി കെ രാജൻ നിർമാണം ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. പട്ടയങ്ങളുടെ വിതരണവും പുലിയൂർ വില്ലേജ് ഓഫീസ് കെട്ടിടം നിർമാണ ഉദ്‌ഘാടനവും വ്യാഴാഴ്‌ച നടക്കും. ചെങ്ങന്നൂർ കോടതിക്ക്‌ സമീപം 1956 മുതൽ പഴയ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന 40 സെന്റ്‌ സ്ഥലത്താണ് കെട്ടിടം നിർമിക്കുക. ചെങ്ങന്നൂർ ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ് അടക്കമുള്ള സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള റവന്യൂ ടവറാണ് നിർമിക്കുന്നത്. 2018ലെ മഹാപ്രളയകാലത്ത്‌ രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട കേന്ദ്രമായ താലൂക്ക് ഓഫീസ് അടക്കമുള്ള റവന്യൂ ഓഫീസുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തത പ്രതിസന്ധിയുണ്ടാക്കി. മന്ത്രി സജി ചെറിയാന്റെ നിർദേശത്തെത്തുടർന്ന് സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിട നിർമാണത്തിന് 22.12 കോടി അനുവദിക്കുകയായിരുന്നു. ​വിശാലം, സുസജ്ജം കേരള വാസ്‌തുവിദ്യാ ശൈലിയിൽ നാലുനിലകളിലായി 56,640 ചതുരശ്ര അടി വിസ്‌തീർണതിൽ നിർമിക്കുന്ന കെട്ടിടത്തിൽ പാർക്കിങ്, ലോബി, വോട്ടിങ്‌ മെഷീൻ സ്‌റ്റോറേജ് എന്നിവയും ഒന്നാംനിലയിൽ രജിസ്ട്രേഷൻ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയും രണ്ടാംനിലയിൽ താലൂക്ക്‌ ഓഫീസ്, ഇലക്ഷൻ വിഭാഗം, മൂന്നാം നിലയിൽ ആർഡിഒ കോൺഫറൻസ് റൂം, നാലാം നിലയിൽ ഡിസാസ്‌റ്റർ മാനേജ്മെന്റ് ഓഫീസ്, കോൺഫറൻസ് ഹാൾ റിക്രിയേഷൻ ഏരിയ എന്നിവയും വിഭാവനം ചെയ്‌തിട്ടുണ്ട്. പ്രകൃതിക്ഷോഭം, വരള്‍ച്ച, തീപിടിത്തം തുടങ്ങിയ ദുരന്തസമയങ്ങളിൽ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ സൂക്ഷിക്കേണ്ട റൂം, ആധുനിക രീതിയിലുള്ള റിക്കാർഡ് റൂം, സ്ട്രോങ് റൂം, ട്രെയിനിങ് ഹാൾ, കഫറ്റേരിയ, ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി എന്നിവയും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home