ബ്ലോക്ക് കമ്മിറ്റികളുടെ പരിപാടി ഡിസിസി ഹൈജാക്ക് ചെയ്‌തതിൽ ബഹളം
കോൺഗ്രസ് സത്യഗ്രഹവേദിയിൽ പരസ്യ വാക്‌പ്പോര്

ആലപ്പുഴ
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ ജനറൽ ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹ വേദിയിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ പരസ്യ വാക്‌പ്പോര്. കോൺഗ്രസ് സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽനിന്ന് ജില്ലാ നേതൃത്വം ഒരു വിഭാഗം നേതാക്കളെയും പ്രവർത്തകരെയും അവഗണിച്ചു, പരിപാടി ഡിസിസി ഹൗജാക്ക് ചെയ്‌തു എന്നീ ആരോപണങ്ങളുന്നയിച്ചാണ് ബഹളമുണ്ടാക്കിയത്.
അധ്യക്ഷനായി തീരുമാനിച്ചിരുന്ന സൗത്ത് ബ്ലോക്ക് പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ നോർത്ത് ബ്ലോക്ക് ഭാരവാഹികളെ മറികടന്ന് ഡിസിസി വൈസ്‌പ്രസിഡന്റ് പി ജെ മാത്യു അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. ഡിസിസി ജനറൽ സെക്രട്ടറി ജി സഞ്‌ജീവ് ഭട്ടാണ് സ്വാഗതം പറഞ്ഞത്. പ്രസിഡന്റ് ബാബു പ്രസാദ് ഉദ്‌ഘാടനംചെയ്‌ത പരിപാടിയിൽ ഒരുഘട്ടത്തിലും നോർത്ത് ബ്ലോക്ക് ഭാരവാഹികളെ സംസാരിക്കാൻ പോലും പരിഗണിച്ചില്ല. പരിപാടിയിൽ കാഴ്‌ചക്കാരായി നോക്കി നിൽക്കേണ്ടി വന്നതോടെയാണ് പ്രതിഷേധം ഉയർന്നത്.
നന്ദി പറഞ്ഞശേഷം ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഡിസിസി പ്രസിഡന്റ് ആഹ്വാനംചെയ്യാൻ എഴുന്നേറ്റതോടെ പ്രവർത്തകർ വേദിക്ക് മുന്നിൽനിന്ന് ബഹളമുണ്ടാക്കി. സിപിഐ എമ്മിൽനിന്ന് അടുത്തിടെ സംഘടന നടപടി നേരിട്ട് പുറത്താക്കി കോൺഗ്രസിൽ എത്തിയ പ്രവർത്തകന്റെ നേതൃത്വത്തിലായിരുന്നു ബഹളം. തുടർന്ന് വേഗം സംസാരം നിർത്തി ബാബു പ്രസാദ് മടങ്ങി. നടുറോഡിലല്ല പരാതികൾ ഡിസിസി ഓഫീസിലെത്തി അറിയിക്കാൻ നിർദേശിച്ചതിന് പിന്നാലെയാണ് പ്രവർത്തകരും ഓഫീസിലേക്ക് തിരിച്ചു. തർക്കമില്ലാതെ പരിപാടി സംഘടിപ്പിക്കാൻ കഴിയാതെ പോയതിൽ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി വയനാട് ദുരിതാശ്വാസത്തിനായി പരിച്ച പണം ജില്ലാ അധ്യക്ഷന്റെ സംരക്ഷണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി തട്ടിയതായി പ്രവർത്തകർതന്നെ നവമാധ്യമങ്ങളിൽ വെളിപ്പെടുത്തിയ ദിവസംതന്നെ പ്രതിഷേധ പരിപാടിയും അലങ്കോലമായതിൽ നേതാക്കൾക്കിടയിലും പ്രതിഷേധമുണ്ട്.









0 comments