ഫോട്ടോഗ്രഫിയുടെ പിതാവിന് സ്‌മാരകം ഉയരുന്നു
"നിശ്ചലം നിശബ്ദം' പക്ഷേ വാചാലം നീപ്‌സ്

പി പ്രമോദ്
മാവേലിക്കര
ഫോട്ടോഗ്രഫിയുടെ പിതാവായി ലൂയിസ് ഡാഗുറയെയും ഫ്രഞ്ചുകാരനായ ജോസഫ് നിസ്‌ഫര്‍ നീപ്‌സിനെയും കാണുന്നവർ നിരവധിയാണ്. വാദങ്ങൾ പലതുണ്ടെങ്കിലും നീപ്‌സ് ലോക ഫേട്ടോഗ്രഫിക്ക് നൽകിയ സംഭാവനയിൽ ആർക്കും തർക്കമില്ല. മാവേലിക്കര തെക്കേക്കര വാത്തികുളം പള്ളിമുക്കിന് സമീപം നീപ്‌സിന് സ്മാരകം നിര്‍മിക്കാൻ ഒരുങ്ങുകയാണ് ഒരുകൂട്ടം ഫോട്ടോഗ്രഫി പ്രവർത്തകർ. ഫോട്ടോഗ്രാഫറും ചിത്രകാരനുമായ തെക്കേക്കര വാത്തികുളം കളീക്കല്‍ പള്ളത്ത് വീട്ടില്‍ സജി എണ്ണയ്‌ക്കാട് ചെയര്‍മാനായ ജോസഫ് നിഫ്‌സര്‍ നീപ്‌സ് ഫൗണ്ടേഷനാണ് സ്മാരകം നിര്‍മിക്കുന്നത്. ചൊവ്വാഴ്‌ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കല്ലിടും. ഛായാചിത്രം എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അനാച്ഛാദനംചെയ്യും. ഡോ. ബിന്ദു ഡി സനില്‍ അധ്യക്ഷയാകും.ത്യാഗപൂര്‍ണമായ നീപ്‌സിന്റെ ജീവിതം പുതുലമുറയ്ക്ക് പരിചയപ്പെടുത്താനും ഫോട്ടോഗ്രഫിയുടെ ചരിത്രത്തെക്കുറിച്ച് അവബോധം നല്‍കാനുമാണ് സ്മാരക നിര്‍മാണമെന്ന് സജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീപ്‌സ് ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ നടത്തിയ എസ്‌റ്റേറ്റ് വസതിയുടെ മാതൃകയിലാണ് സ്മാരകം നിര്‍മിക്കുക. 36.14 കിലോ ഭാരത്തിൽ അര്‍ധകായ വെങ്കല പ്രതിമയും സ്ഥാപിക്കും. തിരുവനന്തപുരം സ്വദേശി സുനില്‍കുമാറാണ് ശില്‍പ്പി. നിര്‍മാണം പൂര്‍ത്തിയാക്കി 2026 മാര്‍ച്ച് ഏഴിന് സ്മാരകം തുറക്കും. ഇന്ത്യയില്‍ ആദ്യമായാണ് നീപ്‌സിന് സ്മാരകം ഉയരുന്നത്. 1765 മാര്‍ച്ച് ഏഴിന് ഫ്രാന്‍സില്‍ ജനിച്ച നീപ്‌സ് 1833 ജൂലൈ അഞ്ചിന് മരിച്ചു.









0 comments