അറസ്‌റ്റ്‌ ചെയ്‌തോട്ടെ, 
എന്താ തനിക്ക്‌ പേടിയുണ്ടോ...

വിഎസ് – പികെ മേദിനി
avatar
സ്വന്തം ലേഖകൻ

Published on Jul 22, 2025, 01:12 AM | 1 min read

നിരോധിച്ച പടപ്പാട്ടുകൾ പാടുന്നത്‌ ഭരണവർഗത്തെ അസ്വസ്ഥരാക്കിയ കാലത്ത്‌ പി കെ മേദിനിക്ക്‌ ധൈര്യംനൽകി പാട്ടുതുടരാൻ ആവശ്യപ്പെട്ടത്‌ വി എസാണ്‌. പടപ്പാട്ടുകൾ നിരോധിച്ചകാലത്തെ സംഭവം കേരളത്തിന്റെ വിപ്ലവഗായിക ഓർത്തെടുത്തത്‌ ഇങ്ങനെ: കോട്ടയം തിരുനക്കര മൈതാനത്ത്‌ നിരോധിച്ച പാട്ടുപാടാൻ എന്നെ ക്ഷണിച്ചു. പോകുന്നതിനുമുമ്പ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്ന് അന്നത്തെ സെക്രട്ടറി വി എസിനെകണ്ട്‌ വിവരം പറഞ്ഞു. ‘അറസ്‌റ്റുണ്ടാവും..എന്തായാലും പാടണം.. അറസ്‌റ്റ്‌ ചെയ്‌തോട്ടെ എന്താ തനിക്ക്‌ പേടിയുണ്ടോ?’ പോകണമെന്ന് അദ്ദേഹമാണ്‌ പറഞ്ഞത്‌. മനസിൽ പേടിയൊന്നും തോന്നിയില്ല, വി എസ് സഖാവ് പറഞ്ഞയച്ചതല്ലേ, പാർടിത്തീരുമാനമല്ലേ. "സാമ്രാജ്യത്വം വൻകിട ബൂർഷ്വാവർഗം ജന്മിത്വം മർദകചൂഷക മൂർത്തികൾ മൂവരുമൊത്തു ഭരിക്കുന്ന നാടിതു ചുട്ടുകരിക്കുന്ന നരവേട്ടക്കാർ എംഎസ്‌പിക്കാർ എന്നുതുടങ്ങുന്ന നിരോധിച്ച ഗാനമാണ് ഞാനന്ന് പാടിയത്. വർഷങ്ങൾ കഴിഞ്ഞ്‌ ആ പാട്ടിന്റെ പേരിൽ എന്നെ അറസ്‌റ്റ്‌ ചെയ്‌തു. ഒരു ദിവസം ജയിലിൽ കിടന്നു. പടപ്പാട്ടുകൾ പാടാൻ വി എസിന്റെ വാക്കുകൾ പ്രചോദിപ്പിച്ചിട്ടുണ്ട്‌. പടപ്പാട്ടുകൾ തുടർന്നത്‌ അങ്ങനെയാണ്‌. അദ്ദേഹം എനിക്കെന്നും സഹോദരതുല്യനാണ്‌. 60 വർഷത്തിലധികമായുള്ള ബന്ധമാണ്‌. ‘സാംസ്‌കാരിക സമ്മേളനങ്ങളിൽ മേദിനി പാടുന്നതും ഞാൻ പ്രസംഗിക്കുന്നതും ഒന്നുതന്നെയാണ്‌’ എന്നാണ്‌ വി എസ്‌ പറയാറ്‌. കാണാനെത്തിയവരോട്‌ എനിക്കൊപ്പം ചേർന്ന്‌ പാടാൻ പറയും. എന്റെ കുടുംബത്തിലെ ആവശ്യങ്ങളിൽ ഇടപെടാൻ വിളിച്ചിരുന്നത്‌ വി എസിനെയാണ്‌. അദ്ദേഹം എനിക്ക്‌ കുടുംബാംഗം തന്നെയായിരുന്നു. അവകാശ പോരാട്ടങ്ങളിലുണ്ടായിരുന്ന ആരെങ്കിലും വിഷമിച്ചിരുന്നാൽ, അവർക്ക്‌ വയ്യാതായാൽ വി എസിന്‌ സഹിക്കില്ല. അവരെ തേടിപ്പോകും അല്ലെങ്കിൽ സഹായത്തിന്‌ വിളിച്ചുപറയും. വി എസിന്‌ എത്താനാകാത്ത പുന്നപ്ര–-വയലാർ സമ്മേളനങ്ങൾ സങ്കടപ്പെടുത്തി. വയ്യാതെ കിടന്നപ്പോഴും അങ്ങനെ കിടന്നോട്ടെ...പോവരുതേ എന്നാണാഗ്രഹിച്ചത്‌...വി എസ്‌ ഉണ്ടല്ലോ എന്നത്‌ ഒരു ധൈര്യമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home