ഓവറോൾ കലാകിരീടം ചൂടി മാന്നാര്‍ നായര്‍ സമാജം സ്കൂള്‍

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കലാകിരീടം നേടിയ മാന്നാർ നായർ സമാജം സ്കൂളിന് മന്ത്രി പി പ്രസാദ് ട്രോഫി നൽകുന്നു
കെ സുരേഷ് കുമാര്‍
Published on Jan 09, 2025, 02:49 AM | 1 min read
മാന്നാർ
തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കലാകിരീടം ചൂടി മാന്നാർ നായർ സമാജം സ്കൂൾ നാടിന് അഭിമാനമായി. നാലാം തവണയാണ് സംസ്ഥാന തലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്‌ക്കൂൾ ഓവറോൾ കിരീടം നേടുന്നത്. അതിന് മുൻപ് വർഷങ്ങളായി നായർ സമാജംസ്കൂൾ തന്നെയാണ് രണ്ടാം സ്ഥാനം നേടിയിരുന്നത്.
ഇക്കുറി 100 ലധികം മത്സരാർഥികളുമായി പത്തൊമ്പത് വിഭാഗങ്ങളിലാണ് സ്‌ക്കൂൾ മൽസരിച്ചത്. കൂടിയാട്ടം, കഥകളി മുതലായ കേരളീയ കലാരൂപങ്ങൾ 23 വർഷമായി തുടർച്ചയായ് സംസ്ഥാന തലത്തിൽ എത്തിച്ച് ഈ വിദ്യാലയം മികച്ച വിജയം നേടുന്നു. യുവജനോൽസവത്തിൽ ഈ വർഷം നടപ്പാക്കിയ ഗോത്രകലാരൂപങ്ങളായ പണിയ നൃത്തം, മംഗലംകളി, ഇരുള നൃത്തം ഉൾപ്പെടെയുള്ളവയും സംസ്ഥാന തലത്തിൽ എത്തിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി പ്ലസ് ടൂ പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നതും ഇവിടെനിന്നാണ്. 1200 ലധികം വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ വി മനോജാണ് പ്രിൻസിപ്പൽ.









0 comments