ഗവ. ഐടിഐക്ക് സ്ഥലം വാങ്ങുന്നതിനെ എതിർക്കുന്നത് പ്രതിഷേധാർഹം: ചെയർപേഴ്സൺ

കായംകുളം
ഗവ. ഐടിഐക്ക് സ്ഥലം വാങ്ങുന്നതിനെതിരെ നിലപാട് സ്വീകരിച്ച ഒരുവിഭാഗം യുഡിഎഫ് കൗൺസിലർമാരുടെ നടപടി പ്രതിഷേധാർഹമാണെന്ന് നഗരസഭാ ചെയർപേഴ്സൺ പി ശശികല പറഞ്ഞു. കായംകുളത്തിന് ഗവ. ഐടിഐ അനുവദിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. കെട്ടിടം നിർമിക്കാൻ സ്ഥലം നഗരസഭ വാങ്ങി നൽകാമെന്നായിരുന്നു വ്യവസ്ഥ. ദീർഘനാളത്തെ പരിശ്രമത്തിനോടുവിലാണ് വെട്ടത്തേത്തുവയലിൽ സ്ഥലം കണ്ടെത്തിയത്. ഐടിഐക്കും സ്‌റ്റേഡിയത്തിനും ഒന്നിച്ചുള്ള നിർദേശമാണ് അന്നത്തെ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ നിരവധി കാരണങ്ങളാൽ ഭൂമി ഏറ്റെടുക്കാൻ കഴിയാതെവന്നു. നിലവിലെ നഗരസഭ ഐടിഐക്കും സ്‌റ്റേഡിയത്തിനുമുള്ള സ്ഥലം വേർതിരിച്ച് ഒരേക്കർ സ്ഥലം വാങ്ങാൻ തീരുമാനിച്ചു. ഇതിന്റെ വിലയും സർക്കാർ തീരുമാനിച്ചുതന്നു. പരിസരത്തെ വസ്‌തു ഉടമകളിൽനിന്ന് വഴിക്കായി സ്ഥലവും ഏറ്റെടുക്കാൻ തീരുമാനിച്ചു. വിലയും തീരുമാനിച്ച് ലഭിച്ചു. 2014-–15ൽ സ്ഥലം വാങ്ങാൻ കലക്‌ടർ ഫണ്ടിൽ ഡെപ്പോസിറ്റ് ചെയ്‌ത 75 ലക്ഷം രൂപ തിരിച്ചുകിട്ടാൻ എല്ലാ തടസങ്ങളും മാറ്റാൻ നിരന്തരം ഇടപെട്ട് തുക ലഭ്യമാക്കുകയുംചെയ്‌തു. നിരവധി കടമ്പകൾ കടന്നാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. വസ്‌തുവിലയ്‌ക്ക് അംഗീകാരം നൽകാൻ ചേർന്ന കൗൺസിൽ യോഗത്തിൽ നാടിന്റെ ദീർഘകാല ആവശ്യമെന്ന നിലയിൽ യുഡിഎഫിലെ നാല് പേരൊഴികെ മറ്റെല്ലാവരും അംഗീകരിച്ചു. എല്ലാത്തിനും സങ്കുചിതരാഷ്‌ട്രീയം കാണുന്ന ചില കൗൺസിലർമാരുടെ വികസനവിരുദ്ധ നിലപാട് അങ്ങേയറ്റം പ്രഷേധാർഹമാണ്. ഐടിഐക്ക് സ്ഥലം വാങ്ങുന്ന നടപടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച യുഡിഎഫ് കൗൺസിലർമാരെ ഇവർ അസഭ്യം പറഞ്ഞതും കൈയേറ്റംചെയ്യാൻ ശ്രമിച്ചതും അംഗീകരിക്കാനാകില്ലെന്നും ചെർപേഴ്സൺ പി ശശികല പറഞ്ഞു.









0 comments