ജില്ലാ കോടതിപ്പാലം പൊളിച്ചുതുടങ്ങി
ഇനി പുതിയപാലം, പുതുചരിത്രം

ആലപ്പുഴ നഗര ഹൃദയത്തിലെ കോടതി പാലം പുനർനിർമാണത്തിനായി പൊളിച്ചു മാറ്റുന്ന ജോലികൾ ആരംഭിച്ചപ്പോൾ ഫോട്ടോ: കെ എസ് ആനന്ദ്
ആലപ്പുഴ
ആലപ്പുഴയുടെ ഗതാഗത സൗകര്യത്തിൽ പതിറ്റാണ്ടുകളോളം പ്രധാനപങ്കു വഹിച്ചിരുന്ന ജില്ലാ കോടതിപ്പാലം ചരിത്രത്തിലേക്ക്. കാലാനുസൃതമായി അധികസൗകര്യത്തോടെ പുതിയ പാലം നിർമിക്കുന്നതിനായി പഴയത് പൊളിച്ചുതുടങ്ങി. ചൊവ്വ രാവിലെ പാലത്തിലെ ടാറിങ് ആദ്യം നീക്കി. തുടർന്ന് കൈവരികൾ പൊളിച്ചു. മൂന്നുദിവസത്തിനുള്ളിൽ പൂർണമായി പൊളിച്ചുനീക്കും. പാലത്തിനോട് ചേർന്നുള്ള വൈദ്യുതി ലൈനും ജലവിതരണ പൈപ്പുകളും മാറ്റൽ പുരോഗമിക്കുന്നു. നിർമാണ ചുമതലയുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കൂടുതൽ യന്ത്രങ്ങളും ജോലിക്കാരെയും എത്തിച്ചു. സമീപത്തെ മത്സ്യകന്യക ശിൽപം മാറ്റുന്നതിൽ ഉടൻ തീരുമാനം ഉണ്ടാകും. പൊളിക്കുന്നതിന് മുന്നോടിയായി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. നഗരത്തിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ, അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളെ വേർതിരിക്കുന്ന വാടക്കനാലിന് കുറുകെയാണ് ‘റൗണ്ട് ടേബിൾ’ മാതൃകയിൽ പുതിയ പാലം നിര്‍മിക്കുന്നത്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. നഗരസൗന്ദര്യവൽക്കരണത്തിലും പാലം നിർണായകമാവും. 120.52 കോടിയാണ് പദ്ധതിച്ചെലവ്. കനാലിന്റെ ഇരുകരകളിലും മൂന്ന് വരി വീതം ഗതാഗത സൗകര്യമുണ്ടാകും. 5.5 മീറ്റർ വീതിയിൽ മേൽപ്പാലങ്ങളും 7.5 മീറ്റർ വീതിയിൽ അടിപ്പാതയും പുറത്ത് 5.5 മീറ്റർ വീതിയിൽ റാമ്പുകളുമുണ്ടാകും. ഫ്ലൈ ഓവറുകളിലും റാമ്പുകളിലും ഓരോ ദിശയിലേക്കാവും ഗതാഗതം. അടിപ്പാത വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതമുണ്ടാകും.









0 comments