നെഹ്റുട്രോഫി

ഹരിതാവേശത്തിര ഉയർത്തും

nehrutrophy
വെബ് ഡെസ്ക്

Published on Aug 23, 2025, 12:12 AM | 1 min read

ആലപ്പുഴ

നെഹ്‌റുട്രോഫി ജലോത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ച് സേവ് വേമ്പനാട് സന്ദേശത്തോടെ നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചു. എയ്ഡ്പോസ്‌റ്റ്‌ പാലം മുതല്‍ കിഴക്കോട്ട് ഫിനിഷിങ്‌ പോയിന്റ്‌ വരെയും കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡ്‌പരിസരവും സ്‌റ്റാര്‍ട്ടിങ്‌ പോയിന്റ്‌ പരിസരവും ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിക്കും. പവിലിയനിലും ഗ്യാലറിയിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളാലാണെന്ന് ഉറപ്പാക്കും. ഗ്രീന്‍ സോണില്‍ പരസ്യ നോട്ടീസുകള്‍ ഒഴിവാക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ഉൽപ്പന്നങ്ങളും നിരോധിക്കും. കുടിവെള്ള കുപ്പികള്‍, ഭക്ഷണപ്പൊതികള്‍, സ്‌നാക്‌സ്‌ പാക്കറ്റ് എന്നിവയില്‍ സ്‌റ്റിക്കറുകള്‍ പതിച്ച് 20 രൂപ ഈടാക്കും. പവിലിയനിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം പ്രവർത്തിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസിലാണ്‌ ഇതിനുള്ള ക്രമീകരണം. ജലോത്സവം കഴിഞ്ഞ് സ്‌റ്റിക്കര്‍ പതിച്ച കുപ്പികളും പാക്കറ്റുകളും തിരികെ എത്തിക്കുന്ന മുറയ്‌ക്ക്‌ തുക തിരികെ നല്‍കും. ഗ്രീന്‍സോണ്‍ മേഖലയില്‍ മാലിന്യം തരംതിരിച്ച് ഇടാൻ താല്‍ക്കാലിക ബിന്നുകള്‍ സ്ഥാപിക്കും. ഇതിന്‌ സമീപം ഹരിതകര്‍മസേന, സ്‌റ്റുഡന്റ്‌ പൊലീസ് കേഡറ്റ്, എന്‍സിസി എന്നിവരുടെ സേവനം ഉറപ്പാക്കും. പവിലിയനിലും താല്‍ക്കാലിക ബിന്നുകള്‍ സ്ഥാപിച്ച് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. സൗജന്യ കുടിവെള്ളവിതരണവും വിവിധ കേന്ദ്രങ്ങളില്‍ ക്രമീകരിക്കും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ദൃശ്യ–ശ്രവ്യ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവവഴി പ്രചാരണവും വ്യാപിപ്പിക്കും. പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ശുചിത്വസന്ദേശ ബോര്‍ഡുകളും സ്ഥാപിക്കും. ​ജലോത്സവദിവസം രാവിലെ ആറുമുതല്‍ ഗ്രീന്‍ ചെക്ക് പോസ്‌റ്റുകള്‍ സ്ഥാപിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍, വളന്റിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ജലമേളയ്‌ക്കുശേഷം ജനപ്രതിനിധികള്‍, നഗരസഭാ ജീവനക്കാര്‍, തൊഴിലാളികള്‍, ഹരിതകര്‍മസേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പവിലിയനും റോഡും ശുചീകരിക്കും. പുന്നമടക്കായലിനെ വരുംതലമുറയ്‌ക്കായി കരുതിവയ്‌ക്കാൻ ഹരിതചട്ടം പാലിക്കാൻ ജലോത്സവപ്രേമികളും കാണികളും സഹകരിക്കണമെന്ന് നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈന്‍, സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത എന്നിവര്‍ അഭ്യര്‍ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home