നെഹ്‌റുട്രോഫി വരുമാനം 4.80 കോടി

കലക്ഷനിലും കപ്പടിച്ച്‌...

Nehru Trophy Boat race
avatar
ഫെബിൻ ജോഷി

Published on Sep 27, 2025, 01:50 AM | 1 min read

ആലപ്പുഴ

71–ാം നെഹ്‌റുട്രോഫി ജലോത്സവത്തിൽ വരുമാനത്തിൽ റെക്കോഡിട്ട്‌ നെഹ്‌റുട്രോഫി ബോട്ട്‌ റേസ്‌ സൊസൈറ്റി (എൻടിബിആർ). 4.80 കോടി രൂപ സമാഹരിച്ചാണ്‌ റെക്കോഡ്‌ ബുക്കിലേക്ക്‌ എൻടിബിആർ സൊസൈറ്റിയും തുഴഞ്ഞുകയറിയത്‌. സ്‌പോൺസർഷിപ്പിലൂടെയും ഗ്രാന്റിലൂടെയും ടിക്കറ്റ്‌ വിൽപ്പനയിലൂടെയുമാണ്‌ വരുമാനനേട്ടം. സംസ്ഥാന സർക്കാർ ഗ്രാന്റായി ഒരുകോടി, കേന്ദ്ര ഗ്രാന്റായി 50 ലക്ഷം, ടിക്കറ്റ് വിൽപ്പനയിൽനിന്ന് ഒരുകോടി, സ്‌പോൺസർഷിപ്പിലൂടെ 1.15 കോടി എന്നിങ്ങനെ 3.78 കോടി രൂപയുടെതായിരുന്നു ബജറ്റ്. എന്നാൽ സ്‌പോൺസർഷിപ്പിൽനിന്ന്‌ മാത്രം 2.35 കോടി സമാഹരിക്കാനായി. ബോണസ്‌, മെയിന്റനൻസ്‌ ഗ്രാന്റ്‌, ഇൻഫ്രാസ്ട്രക്ച്ചർ, കൾച്ചറൽ, പബ്ലിസിറ്റി, കഴിഞ്ഞ വർഷത്തെ മെയിന്റനൻസ്‌ ഗ്രാന്റ്‌, സമ്മാനത്തുക, ഇൻഫ്രാസ്ട്രക്ച്ചർ, മറ്റ്‌ എന്നീ ഇനങ്ങളിൽ നൽകാനുണ്ടായിരുന്ന തുക ഉൾപ്പെടെ 3.70 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. കേന്ദ്ര സർക്കാരിൽനിന്നുള്ള ഗ്രാന്റ്‌ ലഭിക്കാനുണ്ട്‌. ഇതുൾപ്പെടെ 1.2 കോടിയോളം രൂപ ലാഭമുണ്ടാകും. ടിക്കറ്റ്‌ വിൽപ്പന പ്രത‍ീക്ഷയ്‌ക്കൊത്ത്‌ ഉയർന്നതും വരുമാനംകൂട്ടി. ടിക്കറ്റ്‌ വിൽപ്പന 96 ലക്ഷം കടന്നു. ഓൺലൈനിൽ മാത്രം 18 ലക്ഷത്തിന്റെ ടിക്കറ്റ്‌ വിറ്റു. എൻടിബിആറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫെഡറൽ ബാങ്കും എസ്‌ബിഐയും കരൂർ വൈശ്യബാങ്കും ഒരുക്കിയ പെയ്‌മെന്റ്‌ ഗേറ്റ്‌വേ സംവിധാനത്തിലൂടെയുമാണ്‌ ടിക്കറ്റ്‌ വിറ്റത്‌. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 100 സര്‍ക്കാര്‍ ഓഫീസുകളിലൂടെയും ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ നവകേരളസദസിലെ നിർദേശപ്രകാരം ആലപ്പുഴ മണ്ഡലത്തിന്‌ അനുവദിച്ച ഏഴുകോടിയും എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ രണ്ടുകോടിയും ചെലവഴിച്ച്‌ പുന്നമടയിൽ നിർമിക്കുന്ന സ്ഥിരംപവലിയൻ അടുത്ത വർഷം പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷ. ഇതോടെ ടിക്കറ്റ്‌ വിൽപ്പന രണ്ടുകോടിയിൽ എത്തിക്കാനാകുമെന്ന്‌ കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home