സഫലമാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം

നെടുമ്പ്രക്കാട്- വിളക്കുമരം പാലം 6ന് നാടിന് സമർപ്പിക്കും

Nedumprakad–Vilakumuram Bridge

ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുന്ന നെടുമ്പ്രക്കാട്–വിളക്കുമരം പാലം

avatar
ടി പി സുന്ദരേശൻ

Published on Nov 03, 2025, 01:01 AM | 1 min read

ചേർത്തല

നെടുമ്പ്രക്കാട്–വിളക്കുമരം പാലമെന്ന നാടിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്‌നം യാഥാർഥ്യമായി. 20.37 കോടി രൂപ ചെലവിൽ നിർമിച്ച പാലം ആറിന് വൈകിട്ട്‌ നാലിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. 2005 ജനുവരി 15ന് കല്ലിട്ടെങ്കിലും നിർമാണം പ്രാരംഭഘട്ടത്തിൽത്തന്നെ നിലച്ചു. സമീപനറോഡിന് ഭൂമി ഏറ്റെടുക്കാതിരുന്നതും ശാസ്‌ത്രീയ മണ്ണ് പരിശോധനയിലൂടെ കുറ്റമറ്റ രൂപരേഖ തയ്യാറാക്കാതിരുന്നതും മാർഗസതടസമായി. ​ എൽഡിഎഫ് സർക്കാർ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നിർമാണം പുനരാരംഭിച്ചത്. 2016–17 വർഷത്തെ ബജറ്റിൽ പാലം നിർമാണ പദ്ധതി ഉൾപ്പെടുത്തുകയായിരുന്നു. രൂപരേഖയും നിർമാണപദ്ധതിയും മാറ്റേണ്ടിവന്നതിനാൽ അടങ്കൽത്തുകയും ഉയർത്തി. ചേർത്തല–അരൂർ നിയോജകമണ്ഡലങ്ങളിലെ ചേർത്തല നഗരത്തെയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് 245.8 മീറ്ററാണ് നീളം. 11 മീറ്ററാണ് വീതി. ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 26 മീറ്റർ നീളത്തിൽ മൂന്ന് സ്‌പാനും 25.4 മീറ്റർ നീളത്തിൽ ഒരു സ്‌പാനും 25.7 മീറ്റർ രണ്ട് സ്‌പാനും പാലത്തിനുണ്ട്. രണ്ട് പാലങ്ങൾക്കിടയിൽ 60 മീറ്റർ നീളത്തിലെ ബലപ്പെടുത്തിയ ചിറയും റോഡും ഉണ്ട്. ​ വയലാർ കായലിന് കുറുകെയാണ് രണ്ട് ഭാഗങ്ങളുള്ള പാലം. പാലം തുറക്കുന്നതോടെ ചേർത്തല–അരൂക്കുറ്റി റോഡിന് സമാന്തര യാത്രാമാർഗമാകും ഒരുങ്ങുക. ചേന്നംപള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയുടെയും നഗരത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്തിന്റെയും പുരോഗതിക്ക് വഴിതുറക്കുന്നതാകും പാലം. പൂർണതോതിൽ പാലത്തിന്റെ പ്രയോജനം ലഭ്യമാകണമെങ്കിൽ ഇരുഭാഗത്തെയും റോഡ് വീതികൂട്ടി പുനർനിർമിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home