ശുചിത്വ മാതൃക ഏറ്റെടുത്ത്‌ കേരളം

ക്ലീൻ, കൂൾ ആലപ്പുഴ

alappuzha
avatar
ഫെബിൻ ജോഷി

Published on Sep 22, 2025, 01:51 AM | 2 min read

ആലപ്പുഴ

ശുചിത്വ സൂചികകളിൽ ദേശീയ പുരസ്‌കാരങ്ങളുടെ നിറവിൽ തിളങ്ങുകയാണ്‌ ആലപ്പുഴ. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയെ വൃത്തിയുടെ ട്രാക്കിൽ നയിക്കുകയാണ്‌ നഗരസഭ. രാജ്യത്ത്‌ ശുചിത്വ നിലവാരം വിലയിരുത്തുന്ന സർവേകളിൽ മികച്ച നേട്ടങ്ങളാണ്‌ കിഴക്കിന്റെ വെനീസിനെ തേടിയെത്തിയത്‌. ആലപ്പുഴയുടെ ശുചിത്വ മാതൃകകൾ പലതും പിന്നീട്‌ കേരളവും ഇന്ത്യയും ഏറ്റെടുത്തു. ഉറവിട മാലിന്യ സംസ്‌കരണമെന്ന ആശയത്തിലൂന്നി വികേന്ദ്രീകൃത മാതൃകയുണ്ടാകുന്നത്‌ ആലപ്പുഴയിൽനിന്നാണ്‌. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷൺ 2024ല്‍ മീഡിയംസിറ്റി വിഭാഗത്തില്‍ കേരളത്തില്‍ ഒന്നാംറാങ്കും ദേശീയതലത്തിൽ 80–-ാം റാങ്കും ആലപ്പുഴ നഗരസഭയ്‌ക്ക്‌ ലഭിച്ചു. 9428 പോയിന്റാണ് ലഭിച്ചത്. ഗാര്‍ബേജ് ഫ്രീസിറ്റി സ്‌റ്റാര്‍ റേറ്റിങ്ങില്‍ ത്രീസ്‌റ്റാര്‍ പദവിയും ആലപ്പുഴ നേടി. കേരളത്തില്‍ മൂന്ന് നഗരസഭകള്‍ക്കുമാത്രമാണ് ത്രീസ്‌റ്റാര്‍ പദവി. നാലായിരത്തിലധികം നഗരസഭകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഒഡിഎഫ് പ്ലസ് പദവിനേടാനും നഗരസഭയ്‌ക്കായി. മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, പൊതുഇടങ്ങളിലെ മാലിന്യക്കൂനകള്‍ നീക്കി സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സര്‍വോദയപുരത്തെ ഡമ്പ്‌ സൈറ്റ് റെമഡിയേഷന്‍, ശുചിത്വസന്ദേശങ്ങളും ചിത്രങ്ങളും നഗരത്തില്‍ വരച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കൽ, വേസ്‌റ്റ്‌ ടു വണ്ടര്‍പാര്‍ക്ക്, ഹരിതകര്‍മസേനാംഗങ്ങളുടെ വാതില്‍പ്പടിശേഖരണം, ശുചീകരണ തൊഴിലാളികളുടെ നഗരപരിപാലനം, ഹരിതചട്ട കാമ്പയിനുകള്‍ തുടങ്ങിയവയും പുരസ്‌കാരനേട്ടത്തിന് മാനദണ്ഡമായി. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ഡല്‍ഹി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരിട്ട്‌ പരിശോധിച്ചാണ് റാങ്ക് നിര്‍ണയിച്ചത്.


സ്വച്ഛതാലീഗിലും മുന്നിൽ
സ്വച്ഛ് ഭാരത് മിഷന്റെ ഇന്ത്യൻ സ്വച്ഛതാലീഗ് മത്സരത്തിൽ രാജ്യത്തെ മികച്ച ശുചിത്വനഗരമായാണ്‌ ആലപ്പുഴയെ തെരഞ്ഞെടുത്തത്‌. ഒരുലക്ഷംമുതൽ മൂന്നുലക്ഷംവരെ ജനസംഖ്യയുള്ള രാജ്യത്തെ 1850 നഗരങ്ങളുമായി മത്സരിച്ചാണ് അഭിമാനനേട്ടം. നഗരസഭയുടെ അഭിമാനപദ്ധതിയായ നിർമലഭവനം നിർമലനഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതി, നഗരമാലിന്യത്തെ വികേന്ദ്രീകൃത സംസ്‌കരണ മാർഗങ്ങളിലൂടെ ജൈവവളമാക്കി കൃഷിക്ക്‌ ഉപയുക്തമാക്കുന്ന രീതി, ഹരിതകർമസേനയുടെ സഹായത്തോടെ പ്ലാസ്‌റ്റിക് മാലിന്യം തരംതിരിച്ച് സംസ്‌കരണത്തിനയയ്‌ക്കുന്ന രീതി, മാലിന്യമില്ലാത്ത പാതയോരങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ശുചീകരണം, സമ്പൂർണശുചിത്വ പദവിയിലേയ്‌ക്കുയരുന്ന നഗരം എന്നിവയാണ്‌ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌. കൂടുതൽ വൃത്തിയുള്ള നഗരമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്‌. അതിൽ എറ്റവും പ്രധാനമാണ്‌ ജൈവമാലിന്യം ശേഖരിച്ച്‌ ഉണക്കിപ്പൊടിച്ച്‌ ജൈവവളമാക്കുന്ന പദ്ധതി. ഏറോഫേർട്ട്‌ എന്ന പേരിലാണ്‌ വളം പുറത്തിറക്കുന്നത്‌. നഗരസഭയുടെ 36 എയ്‌റോബിക് യൂണിറ്റുകളിലുടെ ശേഖരിച്ചാണ്‌ ആലിശേരിയിലെ യൂണിറ്റിലെത്തിച്ച്‌ വളമാക്കിമാറ്റുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home