ഇനി ഗ്രാമങ്ങളിൽ കൂൺ വിരിയും

ഇനി ഗ്രാമങ്ങളിൽ കൂൺ വിരിയും
ഗോകുൽ ഗോപി
Published on Aug 14, 2025, 02:32 AM | 1 min read
ആലപ്പുഴ
കൂണ്‍ കൃഷിയിലേക്ക് കര്‍ഷകരെയും സംരംഭകരെയും ആകര്‍ഷിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള നടപ്പിലാക്കുന്ന ‘സമഗ്ര കൂണ്‍ ഗ്രാമം പദ്ധതി’ ജില്ലയിൽ സജീവം. ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബ്ലോക്കുകളിലാണ് രണ്ടാംഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. 100 ചെറുകിട ഉൽപാദന യൂണിറ്റ്, രണ്ട് വന്‍കിട ഉൽപാദന യൂണിറ്റ്, കൂണ്‍വിത്ത് ഉൽപാദന യൂണിറ്റ്, മൂന്നു സംസ്‌കരണ യൂണിറ്റ്, രണ്ടു പാക്കിങ് ഹൗസ്, 10 കമ്പോസ്റ്റ് ഉൽപാദന യൂണിറ്റുകള്‍ എന്നിവ ചേര്‍ന്നതാണ് കൂണ്‍ഗ്രാമം പദ്ധതി. 100 ബഡ് വീതമുള്ളതാണ് ചെറുകിട യൂണിറ്റ്. വൻകിട യൂണിറ്റിൽ 300 ബഡും. ഒരു ചെറുകിട ഉൽപാദന യൂണിറ്റിന് 11250 രൂപ സബ്‌സിഡിയായി ലഭിക്കും. വന്‍കിട യൂണിറ്റുകൾക്കും പാക്കിങ് ഹൗസുകൾക്കും വിത്ത് ഉൽപാദന യൂണിറ്റിനും രണ്ടുലക്ഷം വീതവും ഒരു കമ്പോസ്റ്റ് ഉൽപാദന യൂണിറ്റിന് 50,000 രൂപയും സംസ്കരണ യൂണിറ്റുകൾക്ക് ഒരു ലക്ഷം വീതവും പദ്ധതിയിൽ ലഭിക്കും. കർഷകന് ഇവയിൽ പരമാവധി മൂന്ന് യൂണിറ്റുകൾ വരെ ലഭിക്കും. കൃഷിക്ക് ആവശ്യമായ പരിശീലനവും നൽകും. മാസം 60 കി.ഗ്രാം കൂൺ ഉൽപ്പാദിപ്പിക്കാന്‍ ചെറുകിട യൂണിറ്റിന് 28,000 രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വൻകിട യൂണിറ്റിന് അഞ്ച് ലക്ഷം രൂപയും. ഓയിസ്‌റ്റർ മഷ്‌റൂം, മിൽക്കി മഷ്‌റൂം എന്നിവയാണ് കൃഷിചെയ്യുന്നത്. ജില്ലാ മിഷനുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരക്ഷിത ആഹാരം എന്ന നിലയില്‍, പോഷക സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതില്‍ കൂണിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയാണിത്. ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം, കര്‍ഷക കൂടുംബങ്ങളുടെ ഉപജീവനത്തിന് അധിക വരുമാനം, പോഷക സുരക്ഷ എന്നിവ കൂടി ലക്ഷ്യമിട്ടാണ് 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷിഭവനുകളില്‍നിന്ന് ലഭിക്കും.









0 comments