കുടിലിൽ ജോർജിന്റെ മകന് മന്ത്രിയുടെ ആദരം

വെടിവയ്‌പ്പിൽ രക്തസാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി കുടിലിൽ ജോർജിന്റെ മകൻ ജോർജ് മാത്യുവിനെ മന്ത്രി സജി ചെറിയാൻ ആദരിച്ചപ്പോൾ
ചെങ്ങന്നൂർ
വെടിവയ്‌പ്പിൽ രക്തസാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി കുടിലിൽ ജോർജിന്റെ മകൻ ജോർജ് മാത്യുവിനെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. 1938 ചെങ്ങന്നൂർ മിൽസ് മൈതാനത്ത് നടന്ന സ്‌റ്റേറ്റ് കോൺഗ്രസിന്റെ സമ്മേളനത്തെത്തുടർന്നുണ്ടായ പൊലീസ് വെടിവയ്‌പ്പിലാണ് പുലിയൂർ പേരിശേരി സ്വദേശി കുടിലിൽ ജോർജ് രക്തസാക്ഷിയായത്. 85 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2024ൽ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് അന്നത്തെ മിൽസ് മൈതാനമായ (ഇന്നത്തെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് സമീപം) കുടിലിൽ ജോർജിന് സ്‌മാരകം യാഥാർഥ്യമാക്കിയത്. ഓസ്ട്രേലിയയിൽ കഴിയുന്ന മകൻ ജോർജ് മാത്യുവിന് ശാരീരിക അസ്വാസ്ഥ്യംമൂലം ഉദ്ഘാടനത്തിന് എത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം നാട്ടിലെത്തിയ അദ്ദേഹം അച്ഛന്റെ സ്‌മാരകം സന്ദർശിച്ചശേഷം മന്ത്രിയെ കാണാൻ ആഗ്രഹം അറിയിച്ചിരുന്നു. ജോർജ് മാത്യുവിന്റെ സഹോദരി അന്നമ്മ ജോർജ്, ബന്ധു ജോൺ സഖറിയ, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, കോളൂത്തറ ഫിലിപ്പ് കോർ എപ്പിസ്‌കോപ്പ, പേരിശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി വികാരി സി കെ ഗീവർഗീസ്, ജോജി ചെറിയാൻ, സ്‌റ്റാൻലി ജോർജ് എന്നിവർ പങ്കെടുത്തു.









0 comments