ജനങ്ങൾക്കായി ‘മിനി മെഡിക്കൽ കോളേജ്’

ആലപ്പുഴ ജനറൽ ആശുപത്രി പുതിയ ഒപി ബ്ലോക്ക്
ജില്ലയിലെ പൊതുജനാരോഗ്യരംഗത്ത് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ കൈവരിച്ച പ്രധാന മുന്നേറ്റങ്ങളിൽ ഒന്നാകുകയാണ് ജനറൽ ആശുപത്രിക്ക് ലഭിച്ച ആധുനിക സൗകര്യങ്ങൾ. ഒന്നാംകിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ജനറൽ ആശുപത്രി സ്വന്തമാക്കിയിട്ടുള്ളത്. അപര്യാപ്‌തതയുടെ നടുവിലായിരുന്ന ആശുപത്രിയെ ‘മിനി മെഡിക്കൽ കോളേജ്’ നിലവാരത്തിലേക്ക് ഉയർത്താൻ എൽഡിഎഫ് സർക്കാരിനായി.
‘360 ഡിഗ്രി’ ക്ലിനിക് ജനറൽ ആശുപത്രിക്ക് സ്വന്തമായി ‘360 ഡിഗ്രി’ ക്ലിനിക് ഉണ്ട്. ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർക്കുള്ളതാണ് ഇത്. ആശുപത്രിയിലെത്തുന്ന രോഗിയെ എല്ലാവിധത്തിലുള്ള പരിശോധനകളും പൂർത്തിയാക്കി ഒടുവിൽ മാത്രം ഡോക്‌ടറുടെ മുന്നിൽ എത്തിക്കുന്നതാണ് സംവിധാനം. പ്രമേഹരോഗികൾക്കുള്ള ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി, ആഹാരരീതിയെക്കുറിച്ചുള്ള കൗൺസലിങ്, ഫിസിയോതെറാപ്പി തുടങ്ങിയവ ക്ലിനിക്കിൽ ലഭിക്കും.
സ്‌ട്രോക് ഐസിയു ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ള മറ്റൊരു അത്യാധുനിക ചികിത്സാസംവിധാനമാണ് ‘സ്‌ട്രോക് ഐസിയു’. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ട് നാലര മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാൽ ആഘാതത്തിന് കാരണമായി ഞരമ്പിൽ അടിഞ്ഞുകൂടിയിട്ടുള്ള രക്‌തക്കട്ട അലിയിച്ചുകളയാനുള്ള മരുന്ന് കുത്തിവച്ച് രോഗിയെ രക്ഷപ്പെടുത്താനാകും. ഒരു വയലിന് 36,000 രൂപയുള്ള മരുന്ന് സൗജന്യമായാണ് നൽകുന്നത്.
12 സ്ലൈസ് സിടി സ്‌കാൻ റേഡിയോളജി വിഭാഗത്തിൽ അത്യാധുനിക 12 സ്ലൈസ് സിടി സ്‌കാൻ ഉണ്ട്. കൂടാതെ എംആർഐ സ്‌കാൻ, മാമോഗ്രാം, ത്രിമാന എക്‌സ്‌റേ യൂണിറ്റ്, അൾട്രാ സൗണ്ട് സ്‌കാൻ, ശ്വാസകോശ രോഗങ്ങൾ പരിശോധിക്കാനുള്ള ബ്രോങ്കോസ്‌കോപ്പി തുടങ്ങിയ ആധുനികസൗകര്യങ്ങളും ആശുപത്രിക്ക് സ്വന്തമാണ്.









0 comments