ട്രെയിനിൽനിന്ന് 6.5 ലക്ഷത്തിന്റെ എംഡിഎംഎയും കഞ്ചാവും പിടികൂടി

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് പിടിച്ച ലഹരിപദാർഥങ്ങളുമായി ആർപിഎഫ്, എക‍്സെെസ് സംഘം
ചെങ്ങന്നൂർ
കൊച്ചുവേളിയിലേക്ക് പോയ ട്രെയിനിൽനിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇവയ്ക്ക് വിപണിയിൽ 6.5 ലക്ഷത്തിലധികം രൂപ വിലവരും. ജനറൽ കോച്ചിൽ സംശയാസ്പദമായവിധം ആളില്ലാത്ത നിലയിൽ കണ്ട ബാഗിൽനിന്നാണ് എംഡിഎംഎ യും കഞ്ചാവും കണ്ടെടുത്തത്. ബാഗിൽ മയക്കുമരുന്ന് തൂക്കി നൽകാൻ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസും ഉണ്ടായിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെക്കണ്ട് ആരോ ബാഗ് ഉപേക്ഷിച്ച് കടന്നതായിരിക്കാമെന്ന് സംശയിക്കുന്നു. തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചെങ്ങന്നൂർ ആർപിഎഫും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓണക്കാലത്ത് ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇതേസംഘം പിടികൂടിയിരുന്നു. ആർപിഎഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഇൻസ്പെക്ടർ വി ടി ദിലീപ്, ക്രൈം ഇന്റലിജൻസ് സിഐ എ ജെ ജിപിൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജീവ്, പരിശോധക സംഘത്തിന് നേതൃത്വം നൽകി.









0 comments