പത്താംക്ലാസ് വിദ്യാർഥിനിയുടെ മരണം
ബഹുജനസംഘടനകൾ പ്രതിഷേധിച്ചു

മാന്നാർ
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിക്കാൻ ഇടയാക്കിയ സാഹചര്യം സ്‌കൂൾ അധികൃതർ വ്യക്തമാക്കണമെന്ന് എസ്എഫ്ഐ-, ഡിവൈഎഫ്ഐ,- ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഒമ്പതിന് സ്‌കൂളിൽ റാഗിങ്ങിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംഘടനാ ഭാരവാഹികളായ ബെറ്റ് സി ജിനു, ഷാരോൺ പി കുര്യൻ, അരുൺ കൃഷ്‌ണ എന്നിവർ ആവശ്യപ്പെട്ടു. പ്രതിഷേധയോഗം സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ പ്രശാന്ത് ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ വൈസ്‌പ്രസിഡന്റ് പി എ അൻവർ, മഹിളാ അസോ. ജില്ലാ വൈസ്‌പ്രസിഡന്റ് ടി സുകുമാരി, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ സഞ്‌ജീവൻ, ഡി ഫിലേന്ദ്രൻ, ലോക്കൽ സെക്രട്ടറി ഡോ. ടി എ സുധാകരക്കുറുപ്പ്, ശ്രീദേവി രാജേന്ദ്രൻ, അജിത ദേവരാജൻ എന്നിവർ സംസാരിച്ചു.









0 comments