പായിപ്പാടനിൽ കുമരകം ടൗൺ

നെഹ്റുട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിൽ പുന്നമട ഫിനിഷിങ് പോയിന്റിൽ നടത്തിയ ട്രാക്ക് എൻട്രി
ഫെബിൻ ജോഷി
Published on Aug 25, 2025, 01:18 AM | 1 min read
ആലപ്പുഴ
കുമരകം ഹൃദയത്തിലേറ്റുന്ന പേരാണ് പായിപ്പാടൻ ചുണ്ടന്റേത്. രാജ്യം കൈയൊപ്പിട്ട് കുട്ടനാടിന് സമ്മാനിച്ച വെള്ളിക്കപ്പ് കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ തുഴക്കരുത്തിൽ നാട്ടിലെത്തിച്ച വമ്പൻ. 2005, 2006, 2007 വർഷങ്ങളിൽ ഹാട്രിക് തികച്ച കൂട്ടുകെട്ട് വീണ്ടും പുന്നമടയിലേക്ക് എത്തുകയാണ്. നെഹ്‌റുട്രോഫിയിൽ 2024ൽ നീരണിഞ്ഞ പായിപ്പാടൻ പുത്തൻ ചുണ്ടനാണ് കെടിബിസിയുടെ ആയുധം. കുമരകം പള്ളിച്ചിറ സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ ജൂലൈ 28ന് ടീം ക്യാമ്പ് ആരംഭിച്ചു. കനോയിങ് ആൻഡ് കയാക്കിങ് താരം ആൽബേർട്ട് രാജാണ് പരിശീലകൻ. രാവിലെയും വൈകിട്ടും കോട്ടത്തോട്ടിലാണ് പരിശീലനം. ഇടവേളകളിൽ ശാരീരിക പരിശീലനവും നൽകും. 12 അതിഥിതാരങ്ങളടക്കം 100 പേർ ക്യാമ്പിലുണ്ട്. പുന്നമടയിൽ എത്തുമ്പോൾ അഞ്ച് അമരക്കാരും ഒമ്പത് താളക്കാരും ഉൾപ്പെടെ 81 തുഴച്ചിലുകാരും വള്ളത്തിലുണ്ടാകും. ക്യാപ്റ്റൻ ടോണി വർക്കിച്ചൻ. ജിമ്മി മഞ്ചാടിക്കരിയാണ് ലീഡിങ് ക്യാപ്‌റ്റൻ. ഒന്നാം അമരം അനൂപ് തട്ടേലും ഒന്നാം തുഴക്കാരനായി ദീപക് പൊന്നപ്പനും നയിക്കും. ക്ലബ് പ്രസിഡന്റ് വി എസ് സുഗേഷ്, സെക്രട്ടറി അനന്തു ഷാജി, ട്രഷറർ കെ മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഹാപ്രളയം കടന്ന 2018ൽ ആണ് പായിപ്പാടന്റെ ഇടിത്തട്ടിലേക്ക് നെഹ്‌റുട്രോഫി അവസാനമായി എത്തിയത്. ഹാട്രിക് നെഹ്‌റുട്രോഫി സമ്മാനിച്ച കൂട്ടുകെട്ടിലൂടെ വീണ്ടും വിസ്‌മയം തീർക്കാൻ ഒരുങ്ങുകയാണ് കെടിബിസി.









0 comments