പഞ്ചപാണ്ഡവക്ഷേത്ര ദർശനം വൻ ഹിറ്റ്‌

2,069 തീർഥാടകർ, 48 യാത്ര

ചേര്‍ത്തല ഡിപ്പോയിൽ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിന്‌ പുറപ്പെട്ട തീർഥാടന സംഘം തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ (ഫയൽ ചിത്രം)

ചേര്‍ത്തല ഡിപ്പോയിൽ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിന്‌ പുറപ്പെട്ട തീർഥാടന സംഘം തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Oct 07, 2025, 01:02 AM | 2 min read

ആലപ്പുഴ
കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ ഒരുക്കിയ തീർഥാടന യാത്രകൾ ഏറ്റെടുത്ത്‌ ജില്ല. ആറന്മുളക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യകഴിച്ച്‌ പഞ്ച പാണ്ഡവക്ഷേത്രദർശനം ഒരുക്കാൻ "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര’ എന്ന ടാഗ് ലൈനിൽ സംഘടിപ്പിച്ച യാത്രകളിലൂടെ റെക്കോഡ്‌ നേട്ടം. ജൂലൈ 13 മുതൽ ഒക്ടോബർ രണ്ടുവരെ ഏഴ്‌ ഡിപ്പോകളിൽനിന്നായി സംഘടിപ്പിച്ച 48 ട്രിപ്പുകളിൽ ജില്ലയിൽ പങ്കെടുത്തത്‌ 2,069 പേരാണ്‌. സംസ്ഥാനത്ത്‌ കൂടുതൽ യാത്ര ഒരുക്കിയ ജില്ലകളിൽ രണ്ടാംസ്ഥാനം ആലപ്പുഴയ്‌ക്കാണ്‌. സംസ്ഥാനത്ത്‌ കൂടുതൽ യാത്രകൾ ഒരുക്കിയ ഡിപ്പോകളിൽ ഒന്നാം സ്ഥാനം ചേർത്തലയും. ആറൻമുള സദ്യയുണ്ടും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് യാത്ര. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം ക്ഷേത്രങ്ങളാണ്‌ പഞ്ച പാണ്ഡവക്ഷേത്ര ദർശനത്തിൽ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ച വിഗ്രഹങ്ങളാണ് ഇവിടങ്ങളിൽ പ്രതിഷ്ഠ. കുന്തി പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രവും സന്ദർശിച്ചു. ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കി.

കെഎസ്ആർടിസിയിൽ ഇതുവരെ 1,829 യാത്ര

ജില്ലയിലെ ബജറ്റ്‌ ടൂറിസം സെൽ 2022 മുതൽ ഇതുവരെ നടത്തിയത്‌ 1,829 യാത്രകൾ. 2021 നവംബർ ഒന്ന്‌ മുതൽ വയനാടിന്റെ കുളിരിലേക്കും ഗവിയുടെ പച്ചപ്പിലേക്കും അഷ്‌ടമുടിയുടെയും അറബിക്കടലിന്റെയും കാഴ്‌ചകളിലേക്കുമെല്ലാം സഞ്ചാരികളെ എത്തിച്ചാണ്‌ ബജറ്റ്‌ ടൂറിസം സെൽ യാത്രകൾ തുടരുന്നത്‌. ഗവി, തെന്മല, മലക്കപ്പാറ, ആതിരപ്പള്ളി, വാഴച്ചാൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രയുണ്ട്‌. അറബിക്കടലിന്റെ ക‍ൗതുക കാഴ്‌ചകളിലേക്ക്‌ കണ്ണുതുറക്കുന്ന നെഫർറ്റിറ്റി കപ്പലിൽ യാത്ര, സീ അഷ്ടമുടി തുടങ്ങി വിവിധ വിനോദ സഞ്ചാര, തീർഥാടന കേന്ദ്രങ്ങളിലേക്കുമെല്ലാം ജില്ലയിൽനിന്ന്‌ ബജറ്റ്‌ ടൂറിസം സെൽ യാത്രകളൊരുക്കുന്നുണ്ട്‌. എടത്വ– 105, ചേർത്തല-–178, ആലപ്പുഴ–233, മാവേലിക്കര–366, ഹരിപ്പാട്-–201, കായംകുളം–135, ചെങ്ങന്നൂര്‍– 611 എന്നിങ്ങനെയാണ്‌ ഡിപ്പോ തിരിച്ച്‌ കണക്ക്‌. കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്രകളൊരുക്കുന്നതാണ്‌ കെഎസ്‌ആർടിസിയെ ജനങ്ങൾക്ക്‌ പ്രിയപ്പെട്ടതാക്കിയത്‌. ഗ്രൂപ്പുകളായും സഞ്ചരിക്കാൻ അവസരമുണ്ട്‌. ദീപാവലിപ്രമാണിച്ച്‌ കൂടുതൽ യാത്രയുണ്ട്‌. വിവരങ്ങൾക്ക്‌: ജില്ലാ കോ–ഓർഡിനേറ്റർ, കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ–9188938525. ​



deshabhimani section

Related News

View More
0 comments
Sort by

Home