സർക്കാർ വാക്കു പാലിച്ചു
കുട്ടനാട് താലൂക്ക് ആശുപത്രിക്ക് കിഫ്ബിയുടെ 106.43 കോടി

കുട്ടനാട് താലൂക്ക് ആശുപത്രി
മങ്കൊമ്പ്
സർക്കാർ വാഗ്ദാനം നടപ്പാകുന്നു. കുട്ടനാട് താലൂക്ക് ആശുപത്രിക്ക് കെട്ടിട നിർമാണത്തിന് കിഫ്ബിയിൽനിന്ന് 106. 43 കോടി രൂപയുടെ അനുമതി ലഭിച്ചു. ആറ് നിലകളിലായി 10,275 ച.അടി വലിപ്പത്തിലാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. ജനറൽ വാർഡുകളിലും ഐസൊലേഷൻ വാർഡുകളിലും ഉൾപ്പെടെ ആകെ 83 കിടക്കകളുണ്ടാവും. താഴത്തെനിലയിൽ അത്യാഹിത വിഭാഗം, എക്സ്റേ പൊലീസ് സഹായ കേന്ദ്രം എന്നിവയുംഒന്നാംനിലയിൽ വിവിധ ഒ പി വിഭാഗങ്ങളും ഇസിജി യൂണിറ്റും പ്രവർത്തിക്കും. ഓപറേഷൻ തീയറ്റർ ഡയാലിസിസ് യൂണിറ്റ്, നവജാത ശിശുക്കളുടെ ഐസിയു എന്നിവ രണ്ടാമത്തെ നിലയിലും കിടത്തി ചികിത്സ വാർഡുകൾ മൂന്നാമത്തെ നിലയിലുമാണ്. ഐസിയു, രണ്ട് ഓപ്പറേഷൻ തീയറ്റർ എന്നിവ നാലാമത്തെ നിലയിലും ആർ ഒ പ്ലാന്റ്, മെഡിക്കൽ റെക്കോർഡ്സ് വിഭാഗം എന്നിവ അഞ്ചാമത്തെ നിലയിലുമായി വരത്തക്കവിധത്തിലാണ് കെട്ടിടം രൂപകൽപന. പദ്ധതിക്ക് 2019 ആഗസ്‌തിൽ 144.06 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇൻകെൽ നൽകിയ പദ്ധതിരേഖ കിഫ്ബി അംഗീകരിച്ചു.ആശുപത്രിയിലേക്ക് എട്ടുമീറ്റർ വീതിയിൽ നേരിട്ടു റോഡില്ല എന്നതായിരുന്നു ആശുപത്രി നിർമാണത്തിന് പ്രധാനം തടസം. റോഡിനായി ജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് സ്വകാര്യഭൂമി വാങ്ങി ആരോഗ്യവകുപ്പിന് കൈമാറിയത്. 2018 ലെ പ്രളയത്തിൽ ഒരുമാസത്തോളം ആശുപത്രി അടച്ചിടേണ്ടി വന്നപ്പോൾ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്ക് ആശുപത്രി സന്ദർശിച്ചിരുന്നു. 2019ലെ ബജറ്റിൽ ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമിക്കുന്നതിന് 150 കോടി രൂപ അനുവദിച്ചു. ദിവസേന നൂറുകണക്കിനാളുകൾ ചികിത്സതേടി എത്തുന്ന പുളിങ്കുന്നിലെ താലൂക്കാശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതോടെ കുട്ടനാടിന് ഏറെ ആശ്വാസമാകും.









0 comments