ക്രിയേറ്റീവാകും കിഡ്സ്

നിർമാണം പൂർത്തിയായ കളർകോട് ഗവ. യുപി സ്കൂളിലെ ക്രിയേറ്റീവ് കോർണറിലെ ഉപകരണങ്ങൾ കുട്ടികൾ നോക്കിക്കാണുന്നു
ഗോകുൽ ഗോപി
ആലപ്പുഴ
നിർമിത ബുദ്ധിയുടെ സഹായത്തോടെ കണക്കിന്റെ ഉത്തരം മുതൽ ചിത്രംവരയും പാചകവും യൂണിഫോമിന്റെ ഡിസൈൻ മാറ്റൽവരെ പഠിക്കാൻ ഒരിടം. പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ച ക്രിയേറ്റിവ് കോർണറുകളിലൂടെ വിദ്യാർഥികൾ വിവിധ തൊഴിലും പ്രായോഗികമായി പഠിക്കുന്നു. ജില്ലയിൽ ഈ വർഷം 20 ക്രിയേറ്റീവ് കോർണറുകൾകൂടി പ്രവർത്തനം തുടങ്ങും.
വിജ്‌ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം സൃഷ്ടിക്കുക, നൈപുണ്യവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗവ.സ്കൂളുകളിൽ ക്രിയേറ്റീവ് കോർണറുകൾ സ്ഥാപിക്കുന്നത്. കോർണർ ഒരുക്കാനും അധ്യാപക പരിശീലനത്തിനുമായി 5.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
സയൻസ്, സാമൂഹ്യശാസ്ത്രം, കണക്ക് വിഷയങ്ങളുടെ പ്രായോഗിക പഠനത്തിന് ലാബുകളായും കോർണറുകൾ പ്രവർത്തിക്കുന്നു. വർക്ക് ഇന്റഗ്രേറ്റഡ് ഷോപ്പുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ്, വയറിങ്, പാചകം, പ്ലമ്പിങ്, കൃഷി, ഫാഷൻ ടെക്നോളജി തുടങ്ങിയവയിലാണ് പരിശീലനം. ആവശ്യമായ ഉപകരണങ്ങളെല്ലാം ഇവിടെയുണ്ടാകും.
സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെയാണ് ക്ലാസ്‌മുറികൾ സ്ഥാപിച്ചത്. അധ്യാപകർക്ക് പ്രത്യക പരിശീലനം നൽകി. ജില്ലയിൽ കഴിഞ്ഞ വർഷം 24 സ്കൂളിൽ കോർണറുകൾ പ്രവർത്തനം ആരംഭിച്ചു.








0 comments