കേരളം തലയുയർത്തി നിൽക്കുന്നു: ഇ പി ജയരാജൻ

പി സുധാകരൻ അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
വർഗീയതയ്‌ക്കെതിരായ നിലപാടുകൾകൊണ്ടും സമാനതകളില്ലാത്ത വികസനംകൊണ്ടും കേരളം ലോകത്തിന് മുന്നിൽ തലയുയർത്തിനിൽക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി സുധാകരന്റെ 19–-ാം ചരമവാര്‍ഷികാചരണത്തിൻെറ ഭാഗമായി ഭരണിക്കാവ് കോയിക്കൽ സുഭാഷ് നഗറിൽ അനുസ്‌മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളം മാത്രമാണ് ഇന്ത്യയിൽ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് മാതൃകയാകുന്നത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകൾക്കെതിരെ സന്ധിയില്ലാസമരത്തിലാണ് ഇടതുപക്ഷം. ആർഎസ്എസ് എല്ലാറ്റിനെയും വർഗീയവൽക്കരിച്ച് കാണുന്നു. ജനങ്ങൾക്ക് വേണ്ടത് ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവുമാണ്. അത് തിരിച്ചറിയാതെ ഇന്ത്യയെ മതരാഷ്‌ട്രമാക്കിമാറ്റാനുള്ള തീവ്രശ്രമത്തിലാണ് ആർഎസ്എസ്. മതന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ നിരന്തരം ആക്രമിക്കപ്പെടുന്നു. ബിജെപിയെ വളർത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിലും ബിജെപിയെ കോൺഗ്രസ് ശത്രുവായി കാണുന്നില്ല. അവരുമായി യോജിച്ച് പോകുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി ജി അജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ സംസാരിച്ചു. കോശി അലക്‌സ് സ്വാഗതവും ജി രമേശ്‌കുമാർ നന്ദിയും പറഞ്ഞു. അനുസ്‌മരണറാലികൾ തഴവാമുക്കിൽനിന്നും മുട്ടക്കുളം ജങ്ഷനിൽനിന്നും തുടങ്ങി. രാവിലെ വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ നടന്ന പുഷ്‌പാർച്ചനയ്‌ക്കുശേഷം ചേർന്ന പി സുധാകരൻ സ്‌മാരക പുരസ്‌കാര സമർപ്പണയോഗം ഹൈക്കോടതി റിട്ട. ജഡ്‌ജി പി എസ് ഗോപിനാഥനും മെറിറ്റ് അവാർഡ് വിതരണം ഗോകുലം ഗോപാലനും ഉദ്ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. അഡ്വ. ടി കെ നാരായണദാസ് മുഖ്യാതിഥിയായി. പി സുധാകരൻ സ്‌മാരക പുരസ്‌കാരം നേടിയ സിപിഐ എം മുതിർന്ന നേതാവ് ജി സുധാകരൻ, യു പ്രതിഭ എംഎൽഎ, വിപ്ലവഗായിക പി കെ മേദിനി, സാമൂഹ്യപ്രവർത്തകൻ കെ കെ പുഷ്‌പാംഗദൻ, ബ്ലോക്ക് പഞ്ചായത്തംഗം എ എം ഹാഷർ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. എസ് അജോയ്‌കുമാർ സ്വാഗതവും എസ് ജ്യോതികുമാർ നന്ദിയും പറഞ്ഞു.









0 comments