കേരളമൊഴുകി ആലപ്പുഴ ആൾക്കടലായി

കായംകുളത്ത് അന്ത്യോപചാരം അർപ്പിക്കുന്നവര്‍
ആലപ്പുഴ
കേരളം വി എസ് എന്ന ഒരൊറ്റ വികാരത്തിലേക്ക് ചുരുങ്ങിയ മണിക്കൂറുകളിൽ ആലപ്പുഴ ആൾക്കടലായി. മരണവിവരം അറിഞ്ഞതു മുതൽ ജനങ്ങൾക്ക് ആലപ്പുഴ മാത്രമായിരുന്നു ലക്ഷ്യം. ചൊവ്വ രാത്രി പന്ത്രണ്ടോടെ വിഎസിന്റെ മൃതദേഹം പുന്നപ്ര പറവൂർ വടക്ക് വേലിക്കകത്ത് വീട്ടിൽ എത്തിക്കും എന്ന് വാർത്ത പരന്നതോടെ കിട്ടിയ വാഹനങ്ങളിൽ കാസർകോട് തൊട്ടുള്ള ജനങ്ങൾ ആലപ്പുഴ ലക്ഷ്യമാക്കി. തലസ്ഥാന നഗരിയിൽനിന്നു തുടങ്ങിയ വിലാപയാത്ര ജനങ്ങളുടെ സ്‌നേഹവായ്‌പ്പാൽ കരുതിയിരുന്നതിലും വൈകുമ്പോഴും അവർ കാത്തു നിന്നു. കാത്തിരിപ്പ് മണിക്കൂറുകളും കടന്ന് ഒരു രാത്രിയും പിന്നിട്ടപ്പോഴേക്കും ആലപ്പുഴ നഗരം ജനങ്ങളാൽ നിറഞ്ഞു. വിലാപയാത്ര ജില്ലാ അതിർത്തി കടന്നതോടെ ആലപ്പുഴയിൽ എത്തിയ ആളുകളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തി. കായംകുളത്തും ഹരിപ്പാടും അമ്പലപ്പുഴയിലുമെല്ലാം പ്രിയ സഖാവിനെ കാണാൻ കേരളത്തിന്റെ തെക്ക് വടക്ക് വ്യത്യാസമില്ലാതെ ആളുകൾ നിറഞ്ഞു. പലയിടങ്ങളിലും ബസിലേക്ക് അടുക്കാൻ കഴിയാത്ത നിലയിൽ ആൾക്കൂട്ടം എത്തിയപ്പോഴും ഒരു നോക്കെങ്കിലും കണ്ടേ മടങ്ങൂ എന്ന നിർബന്ധത്തിലായിരുന്നു അവർ. വി എസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര വസതിക്ക് മുൻപുള്ള അവസാന കേന്ദ്രമായ വണ്ടാനം ആശുപത്രി ജങ്‌ഷനിൽ എത്തിയപ്പോഴേക്കും നിയന്ത്രിക്കാനാകാത്ത വിധം ജനങ്ങൾ നിറഞ്ഞു. വേലിക്കകത്ത് വീട്ടിലും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലും വിഎസിനോടുള്ള സ്‌നേഹം പരിധികളില്ലാതെ നിറഞ്ഞൊഴുകി.









0 comments