കിടപ്പുരോഗികൾക്ക് കൈത്താങ്ങ്
കേരള കെയറിൽ 10,513 പേരുടെ സർവീസ്

ഗോകുൽ ഗോപി
Published on Aug 25, 2025, 01:19 AM | 1 min read
ആലപ്പുഴ
കിടപ്പുരോഗീ പരിചരണത്തിന് ഏകീകൃത രൂപമുണ്ടാക്കാൻ സർക്കാർ ആവിഷ്‌കരിച്ച "കേരള കെയർ' പാലിയേറ്റീവ് കെയർ പദ്ധതിയുടെ സേവനത്തിന് ഇതുവരെ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത് 11,160 പേർ. ഇതിൽ 10,513 രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് കൂടുതൽ രോഗികൾ രജിസ്‌റ്റർചെയ്‌തത്. 9070 പേർ. കുറവ് ചേർത്തല മുനിസിപ്പലിറ്റിയിലും. 130 പേർ. ആലപ്പുഴ – 755, ഹരിപ്പാട് – 216, മവേലിക്കര – 183, ചെങ്ങന്നൂർ – 158 പേരാണ് രജിസ്‌റ്റർ ചെയ്‌തത്. 22,575 ഭവനസന്ദർശനം നടത്തി പരിചരണം നൽകി. ജില്ലയിൽ 112 സർക്കാർ സംവിധാനങ്ങളും 56 സർക്കാരിതര സംഘടനകളും കേരള കെയറിന്റെ ഭാഗമാണ്. ഇതുവഴിയാണ് രോഗികൾക്ക് വൈദ്യസഹായം ഉൾപ്പെടെ ലഭ്യമാക്കുന്നത്.
രജിസ്‌റ്റർചെയ്‌ത രോഗികളിൽ 6268 പേർ സ്‌ത്രീകളാണ്. 4236 പുരുഷന്മാരും. ട്രാൻസ് ഉൾപ്പെടെ ഒമ്പത് പേരുമുണ്ട്. 71–-80 പ്രായപരിധിയിലുള്ളവരാണ് കൂടുതലും, 3401 പേർ. കുറവ് 18 വയസുവരെ. 81. 90ന് മുകളിൽ 886, 81–-90 വയസിനിടയിൽ 2760 പേർ, 61–-70ന് ഇടയിൽ 1891, 51–-60ന് ഇടയിൽ 859, 41–-50ന് ഇടയിൽ 345, 31–-40ന് ഇടയിൽ 163, 19–-30ന് ഇടയിൽ 127 പേരുമുണ്ട്.
മുതിർന്ന പൗരന്മാരിൽ, പരിചരണം ആവശ്യമായവരുടെ എണ്ണം വർധിച്ചതോടെ മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. ആരോഗ്യ, തദ്ദേശ വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സേവനം ആർക്കെല്ലാം
പരിചരണം ആവശ്യമുള്ളവർക്കും സേവനം നൽകാൻ തയ്യാറായ കിടപ്പുരോഗീ പരിചരണ സൗകര്യം ഏർപ്പെടുത്തിയ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും കേരള കെയറിൽ പേര് രജിസ്‌റ്റർ ചെയ്യാം. ദീർഘകാല രോഗങ്ങൾമൂലം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പരസഹായം ആവശ്യമായ എല്ലാവർക്കും ഗുരുതര രോഗപീഡകൾ അനുഭവിക്കുന്നവർക്കും പാലിയേറ്റീവ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
സേവനം ലഭിക്കാൻ
സാന്ത്വനപരിചരണം ലഭ്യമാക്കുന്ന സേവനദാതാക്കളെ പാലിയേറ്റീവ് ഗ്രിഡ് വഴി കണ്ടെത്താം. https://kerala.care/palliative-care സന്ദർശിച്ചാൽ സമീപത്തെ സർക്കാർ, സന്നദ്ധസംഘടന സേവനദാതാക്കളെ ഇതുവഴി കണ്ടെത്തി സേവനം ആവശ്യപ്പെടാനാകും. സേവനം നൽകാൻ തയ്യാറായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രജിസ്‌റ്റർ ചെയ്യാം.









0 comments