കരുത്തോടെ കായംകുളം

കായംകുളം നഗരസഭയുടെ ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റ്
ജി ഹരികുമാർ
Published on Nov 13, 2025, 12:58 AM | 1 min read
കായംകുളം
ശതാബ്ദി ആഘോഷിക്കുന്ന കായംകുളം നഗരസഭ എൽഡിഎഫ് ഭരണത്തിൽ വികസന മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ഗവ.താലൂക്ക് ആശുപത്രിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ, മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ, അതിദാരിദ്ര്യ നിർമാർജനം തുടങ്ങിയവ ജനങ്ങൾ തൊട്ടറിഞ്ഞ വികസന പ്രവർത്തനങ്ങളാണ്. കായംകുളം താലൂക്കാശുപത്രിയുടെ വികസനത്തിന് നിർണായക ഇടപെടൽ നടത്തി. 65 കോടി രൂപ ചെലവിൽ ബഹുനില കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ആംബുലൻസും വെന്റിലേറ്റർ സംവിധാനവും ഏർപ്പെടുത്തി. ഡയാലിസിസ് യൂണിറ്റ്, എക്സ്റേ യൂണിറ്റ്, ഫാർമസി ,ലാബ്, ഇസിജി തുടങ്ങിയവയെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാക്കി. ക്യാൻസർ തൈറോയിഡ് അലർജി അടക്കം 40 ൽ അധികം പരിശോധന നടത്തുന്നതിനുള്ള ഉപകരണങ്ങൾ, സി ആം മെഷീൻ, അസ്ഥി രോഗവിഭാഗത്തിനുള്ള ഉപകരണങ്ങൾ, ഓക്സിജൻ പ്ലാന്റ്, ഹൈടെൻഷൻ ട്രാൻസ്ഫോമർ എന്നിവ സ്ഥാപിച്ചു. നഗരത്തിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ആധുനിക ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിർമിച്ചു. ഇവിടെ ജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റുന്നു. ശുചിമുറി മാലിന്യം സംസ്‌കരിക്കാൻ ആധുനിക മൊബൈൽ പ്ലാന്റ് വാങ്ങി പ്രവർത്തനം ആരംഭിച്ചു. അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി 32 പേർക്ക് വീടും സ്ഥലവും നൽകി. ആധുനിക അറവുശാലനിർമാണം ആരംഭിച്ചു. ഡയപ്പർ മാലിന്യസംസ്കരണത്തിന് നൂതന സംവിധാനം ഏർപ്പെടുത്തി. 25 വർഷം മുൻപ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് നിർമിക്കുന്നതിന് കെയുആർഡിഎഫ്സിയിൽനിന്ന് എടുത്ത വായ്പ എഴുതി തള്ളി. 158 കുടുംബങ്ങൾക്കാണ് ഇതിലൂടെ ആശ്വാസം ലഭിച്ചത്. സസ്യ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്, റോഡുകളുടെ വികസനം, ചാലാപ്പള്ളി പാലം, ഓപ്പൺ ജിം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ തിളക്കമാണ് നഗരസഭയ്‌ക്കുള്ളത്.









0 comments