കൊള്ളിയാനായി കാരിച്ചാൽ

70–ാമത് നെഹ്‌റുട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്നു (ഫയൽചിത്രം)

ഫെബിൻ ജോഷി
Published on Aug 19, 2025, 01:36 AM | 1 min read
ആലപ്പുഴ
സ്‌റ്റിൽ സ്റ്റാർട്ടിന് വിസിൽ മുഴങ്ങിയതുമുതൽ കാരിച്ചാൽ കുതിപ്പ് തുടങ്ങി. ഓരോ തുഴയ്‌ക്കും ആർപ്പുവിളിച്ച് ആരാധകരും. മറ്റ് ചുണ്ടൻമാർ വള്ളപ്പാടിന് പിന്നിലായിട്ടും ആരാധകരുടെ മുഖത്ത് ആശങ്കയുടെ മേഘങ്ങൾ പെയ്‌തൊഴിയാതെനിന്നു. മൂന്ന് വള്ളം ഫൈനൽ ഉറപ്പിച്ചതോടെ കാരിച്ചാലിന് ഫൈനലിലെത്താൻ യുബിസിയുടെ തലവടി ചുണ്ടന്റെ 4.24.60 എന്ന സമയം മറികടക്കണം. പുന്നമടയിലെ സുപരിചിതമായ ട്രാക്കിൽ കാരി പറന്നു.
ഓളപ്പരപ്പിൽ മിന്നൽപ്പിണർ തീർത്ത് കാരിച്ചാൽ ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ ജനസാഗരമൊന്നാകെ ഡിജിറ്റൽ സ്‌ക്രീനിലേക്ക്. ആരാധകരുടെ ആശങ്കകൾ ആവേശത്തേക്കാൾ ഉയരത്തിലെത്തിയ നിമിഷങ്ങൾ. പിന്നാലെ നീല സ്‌ക്രീനിൽ വെള്ള അക്കങ്ങൾ തെളിഞ്ഞു. 4.14.35 മിനിറ്റ്. ഏഴ് പതിറ്റാണ്ടിലെ റെക്കോഡ് സമയം. ആരാധകരുടെ ആർപ്പുവിളികളിൽ പുന്നമട മുങ്ങി. 2017-ൽ പായിപ്പാടനിൽ ജെയിംസ്‌കുട്ടി ജേക്കബിന്റെ വേമ്പനാട് ബോട്ട് ക്ലബ് കുറിച്ച 4.14.82 മിനിറ്റ് എന്ന റെക്കോഡാണ് ഏഴ് വർഷത്തിനിപ്പുറം തകർന്നത്.
ചുണ്ടൻവള്ളങ്ങളുടെ അഞ്ചാം ഹീറ്റ്‌സിലായിരുന്നു ചരിത്രത്തെ വള്ളപ്പാടുകൾക്ക് പിന്നിലാക്കി കാരിച്ചാലിന്റെ തേരോട്ടം. വീയപുരത്തിൽ വില്ലേജ് ബോട്ട് ക്ലബ്, കുമരകം ടൗണിന്റെ നടുഭാഗം, ഒറ്റയാനെപ്പോലെ നിരണം. വമ്പന്മാരുടെ പോരിൽ പുന്നമട ത്രസിച്ചു. സ്റ്റാർട്ടിങ് മുതൽ ഒന്നിച്ചായിരുന്നു പോര്. ഒപ്പത്തിനൊപ്പം വീയപുരവും കാരിച്ചാലും. തുഴപ്പാടുകൾക്കുമാത്രമകലെ നിരണവും നടുഭാഗവും. ആവേശപ്പോര് വിജയവര തൊടുമ്പോൾ ആരാണ് മുന്നിലെന്ന് ഗ്യാലറിയിലെ കണ്ണുകൾക്ക് പറയാനായില്ല.
അനിശ്ചിതത്വത്തിനൊടുവിൽ വിധി വന്നു-, കാരിച്ചാൽ. ജലരാജനിലേറി തുടർച്ചയായി അഞ്ചാംതവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് 70–-ാമത് നെഹ്‌റുട്രോഫി നേടി. കാരിച്ചാലിനിത് 16–-ാം കിരീടവുമായി. കായലാഴങ്ങളിൽ നിറഞ്ഞുനിന്ന ആവേശമൊന്നാകെ തുഴയിൽ കോരിയെറിഞ്ഞ് ജനമനസുകളിൽ നിറച്ച ജലാരവം വള്ളംകളിപ്രേമികളെ ആവേശത്തിലാഴ്‌ത്തി.
മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ വിജയത്തിലേക്ക് തുഴഞ്ഞുകയറിയത്. സമയം 4.29.785 മിനിറ്റ്. രണ്ടാംസ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനെക്കാൾ 0.005 സെക്കന്റ് മാത്രം (4.29.790) വ്യത്യാസം. മത്സരത്തിൽ തുടർച്ചയായി അഞ്ചുതവണ വിജയികളാകുന്ന ആദ്യക്ലബ്ബാണ് പള്ളാത്തുരുത്തി. ഏറ്റവും കൂടുതൽ നെഹ്‌റുട്രോഫികളെന്ന റെക്കോഡുമായി നിൽക്കുമ്പോഴും എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാരിച്ചാലിന്റെ ഇടിത്തട്ടിലേക്ക് വെള്ളിക്കിരീടമെത്തിയത്. 2016ൽ ജെയിംസ്‌കുട്ടി ജേക്കബിന്റെ വേമ്പനാട് ബോട്ട് ക്ലബ്ബാണ് അവസാനമായി കാരിച്ചാൽ ചുണ്ടനിൽ നെഹ്‌റുട്രോഫി നേടിയത്.









0 comments