ജീവന്‍കാത്തത് വി എസ്

വി കെ സുധാകരൻ
ആലപ്പുഴ
"എന്റെ ജീവൻ രക്ഷിച്ച വി എസ് എനിക്ക് അച്ഛനെപ്പോലെയാണ്. വി എസ് ഇല്ലായിരുന്നെങ്കിൽ വർഷങ്ങൾക്ക് മുമ്പേ ഞാനും ഓർമയാകുമായിരുന്നു. ചെത്തുതൊഴിലാളിയായിരുന്ന പാതിരപ്പള്ളി വെളിയിൽ വി കെ സുധാകരന് വി എസിനെ ഓർക്കുമ്പോൾ കണ്ഠമിടറുന്നു. വി എസിന് അന്ത്യോപചാരം അർപ്പിക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയതായിരുന്നു സുധാകരൻ. ജോലിക്കിടയിൽ 1990ലായിരുന്നു തെങ്ങിൽനിന്നുവീണ് ഗുരുതരമായി പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുറച്ചുദിവസം ചികിത്സിച്ചെങ്കിലും കഴുത്ത് അനക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു ചികിത്സിച്ച ഡോക-്ടർ പറഞ്ഞത് വെല്ലൂർ ആശുപത്രിയിൽ പോയി ചികിത്സിച്ചാലേ മാറ്റമുണ്ടാകൂ എന്നായിരുന്നു. വിവരം അറിഞ്ഞ വി എസ് ഉടനേ ഡോക-്ടറുമായി സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിൽ ചികിത്സിക്കാനുള്ള എല്ലാ സൗകര്യവും "സഖാവുതന്നെ' ഏർപ്പാടാക്കി. അവിടത്തെ ചികിത്സയിൽ ഞാൻ സാധാരണനിലയിൽ എത്തുകയും തുടർന്ന് ജോലിക്ക് പോകാനും തുടങ്ങി. 2010 ജൂലൈയിൽ ഹൃദയാഘാതമുണ്ടായി അനന്തപുരി ആശുപത്രിയിൽ എത്തിച്ചപ്പോഴും രക്ഷകനായി വി എസ് എത്തി. ഉടനെ സർജറി വേണമെന്നും ഇവിടെ മറ്റ് സർജറികൾ തീരുമാനിച്ചിരിക്കുന്നതിനാൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകാനുമായിരുന്നു ഡോക-്ടർ ബന്ധുക്കളോട് പറഞ്ഞത്. ഉടനെ വി എസിനെ വിവരം അറിയിച്ചു. വി എസിന്റെ ഇടപെടലിൽ അടിയന്തരമായി അവിടെത്തന്നെ സർജറിയും നടന്നു. ഇന്ന് ഞാൻ ജീവനോടെയിരിക്കുന്നതിന് കാരണംതന്നെ വി എസാണ്; സുധാകരൻ പറഞ്ഞു.









0 comments