ട്രോളിങ്‌ നിരോധനം പ്രാബല്യത്തിൽ

ബോട്ടുകൾ തീരത്ത്‌; വള്ളങ്ങൾ കടലിൽ

ഈ തിരയും കടന്ന്... 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം  ആരംഭിച്ചു. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്ത് കടലിൽ പോകാൻ അനുമതിയുണ്ട്. ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ സർക്കാർ നൽകും. ആലപ്പുഴ ബീച്ചിൽ വട്ടായാൽ ഭാഗത്ത് പൊന്തുവള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളി

ഈ തിരയും കടന്ന്... 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ആരംഭിച്ചു. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്ത് കടലിൽ പോകാൻ അനുമതിയുണ്ട്. ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ സർക്കാർ നൽകും. ആലപ്പുഴ ബീച്ചിൽ വട്ടായാൽ ഭാഗത്ത് പൊന്തുവള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളി

വെബ് ഡെസ്ക്

Published on Jun 10, 2025, 01:46 AM | 1 min read

ആലപ്പുഴ
മൺസൂൺകാല ട്രോളിങ്‌ നിരോധനം അർധരാത്രിമുതൽ പ്രാബല്യത്തിൽ വന്നു. കടലിന്റെ കനിവ്‌ തേടി ഇനി പരമ്പരാഗത വള്ളങ്ങൾ കടലിലേക്ക്‌. ചൊവ്വ പുലർച്ചെമുതൽ ഔട്ട്‌ബോർഡ്‌ എൻജിൻ വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിലേക്ക്‌ തിരിച്ചു. കടൽ ഇക്കുറി വലനിറയെ നൽകുമെന്ന പ്രതീക്ഷയിലാണ്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. നന്നായി വേനൽമഴ ലഭിച്ചതാണ്‌ ഔട്ട്‌ബോർഡ്‌ വള്ളങ്ങളിൽ കടലിൽ പോകുന്നവരുടെ പ്രതീക്ഷ. ശക്തമായ മഴയിൽ കടൽ ഇളകിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കൊഴുവയും അയിലയും മത്തിയും പൂവാലൻ ചെമ്മീനും ഇക്കുറി ബോട്ടുകൾക്ക്‌ വലനിറയെ ചെമ്മീൻ ലഭിച്ചുതുടങ്ങി. മഴ കനക്കുന്നതോടെ പരമ്പരാഗത വള്ളങ്ങൾക്കും കൂടുതൽ മീൻ ലഭിക്കും. തോട്ടപ്പള്ളിയിൽ ചാകരയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. മഴ കനക്കുന്നതോടെ കിഴക്കൻവെള്ളത്തിന്റെ വരവും മത്സ്യലഭ്യതയ്‌ക്ക്‌ അനുഗ്രഹമാകുമെന്ന്‌ തൊഴിലാളികൾ പറയുന്നു. തോട്ടപ്പള്ളി സ്‌പിൽവേയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എൽസ-–-3 എന്ന ചരക്കുകപ്പൽ മുങ്ങിയത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ ആശങ്കയായിട്ടുണ്ട്‌. കടലിൽ പതിച്ച കണ്ടെയ്‌നറുകളിൽ കുടുങ്ങി വല തകരുമോയെന്നാണ്‌ പേടി. പരമ്പരാഗത വള്ളങ്ങളിലെ വല കുടുങ്ങിയാൽ അഞ്ചുലക്ഷം രൂപയുടെ നഷ്‌ടമുണ്ടാകും. കണ്ടെയ്‌നറുകൾ കണ്ടെത്തി മാർക്ക്‌ചെയ്യുകയോ നീക്കംചെയ്യുകയോ വേണമെന്നാണ്‌ മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ജൂലൈ 31 വരെയാണ്‌ കേരളത്തിന്റെ തീരത്ത്‌ യന്ത്രവൽകൃത യാനങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന്‌ നിരോധനം. തിങ്കൾ രാത്രി 11 ഓടെ ജില്ലയിൽ രജിസ്‌റ്റർചെയ്‌ത ബോട്ടുകൾ തീരത്തെത്തി. 12ന്‌ അഴീക്കൽ ഹാർബർ ചങ്ങലയ്‌ക്ക്‌ അടച്ചു. ഫിഷ്‌ ലാൻഡിങ്‌ സെന്ററുകളിലും മത്സ്യഗ്രാമങ്ങളിലും ട്രോളിങ്‌ നിരോധന മുന്നറിയിപ്പുകൾ നൽകിയിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ സുരക്ഷിതമായി മീൻപിടിക്കാനും സജ്ജീകരണങ്ങൾ പൂർത്തിയാക്കി. ചെല്ലാനത്തും തെക്ക്‌ അഴീക്കലും രണ്ട്‌ രക്ഷാബോട്ടുകളും തോട്ടപ്പള്ളി, ചെത്തി മേഖലകളിൽ രണ്ട്‌ ഔട്ട്‌ബോർഡ്‌ വള്ളവും സേവനത്തിനുണ്ടാകും. തോട്ടപ്പള്ളി ഫിഷറീസ്‌ സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏകോപിപ്പിക്കും. നിരോധനകാലത്ത്‌ തൊഴിൽ നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണംചെയ്യാനും തീരദേശ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home