"ഒരു തൈ നടാം' കാമ്പയിന് ഇന്ന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2025, 01:32 AM | 1 min read

ആലപ്പുഴ
പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച് സെപ്‌തംബർ 30 വരെയുള്ള കാലയളവിൽ ഒരുകോടി വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ വൃക്ഷവൽക്കരണ പരിപാടിയായ ‘ഒരു തൈ നടാം’ ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കമായി. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്‌ച കോമളപുരം സ്‌പിന്നിങ്‌ മിൽ വളപ്പിൽ വൃക്ഷത്തൈകൾ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത്‌കുമാർ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ കെ എസ് രാജേഷ്, കോമളപുരം സ്‌പിന്നിങ്‌ ആൻഡ്‌ വീവിങ്‌ മിൽസ് ജനറൽ മാനേജർ വി ആർ ഹോബി, അസി. ജനറൽ മാനേജർ അനോഫ്‌കുമാർ, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജുമൈലത്ത്, പഞ്ചായത്തംഗം രാജേഷ്, അസി. സെക്രട്ടറി സുധീർ, സീമ റോസ് എന്നിവർ ഉദ്‌ഘാടനയോഗത്തിൽ സംസാരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ്, സാമൂഹിക വനവൽക്കരണവിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ. വനംവകുപ്പിൽനിന്ന് ലഭ്യമായ വലിയ വൃക്ഷത്തൈകൾക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ നഴ്സറികളിൽനിന്നും പ്രാദേശികമായും തൈകൾ ശേഖരിച്ചാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഹരിതവീഥികളും ടൗണുകളുമായി പ്രഖ്യാപിച്ച ഇടങ്ങളിലും വൃക്ഷവൽക്കരണം നടത്തും. ജില്ലയിൽ 149 സെന്റ് സ്ഥലത്തായി 17 പച്ചത്തുരുത്താണ് സ്ഥാപിച്ചത്. വരുംദിവസങ്ങളിൽ 63 തദ്ദേശ സ്വയംഭരണസ്ഥാപനത്തിൽ ലഭ്യമായ സർക്കാർ, സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, ഹരിതവിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അങ്കണങ്ങളിലും വൃക്ഷവൽക്കരണം നടത്തും. വിവിധ വിഭാഗം സംഘടനകൾ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെയും കാമ്പയിനിന്റെ ഭാഗമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home