ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന പൂർത്തിയായി

ആലപ്പുഴ
ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന പൂർത്തിയായി. തൃക്കുന്നപ്പുഴ ചീപ്പ് പള്ളിക്കടവ് ഭാഗം, പതിയാങ്കര വീരാൻപറമ്പ്, വലിയഴീക്കൽ എന്നിവിടങ്ങളിലാണ് യന്ത്രവൽകൃതയാനങ്ങളുടെ പരിശോധന സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തോപ്പുംപടി ഹാർബറിലും പരിശോധന നടത്തിയിരുന്നു. ജില്ലയിൽ 35 ബോട്ടും 153 ഇൻബോർഡ് വള്ളവുമാണ് പരിശോധന പൂർത്തിയാക്കിയത്. ഏഴ് ബോട്ടും 17 വള്ളവുമാണ് ഇനി പരിശോധന പൂർത്തിയാക്കാനുള്ളത്. ജില്ലയിൽ പ്രവർത്തിക്കുന്ന ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പട്ടിക റിയൽക്രാഫ്റ്റ് സോഫ്‌റ്റ്‌വെയറിൽ പുതുക്കാനുള്ള പരിശോധനയാണ് നടത്തുക. ഇത്തരത്തിൽ പരിശോധന പൂർത്തിയാക്കിയ മത്സ്യബന്ധന ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും മാത്രമേ ട്രോളിങ് നിരോധനത്തിനുശേഷം ആഗസ്‌ത് ഒന്നുമുതൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ അനുവദിക്കൂ. തോട്ടപ്പള്ളി അസി. ഫിഷറീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ എസ് സാജൻ, ഫിഷറീസ് ഓഫീസർ എ എസ് ആസിഫ്, വിസ്‌മയ, ഡ്രൈവർ സുഭാഷ്, കടൽസുരക്ഷാ സ്‌ക്വാഡുമാരായ ജിന്റോ, ജോസഫ് ജോൺ, വിജയ് ചന്തു രാജ്, ബിന്റു, ഹിലാൽ, സാഗർമിത്രമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയ്‌ക്ക് ഹാജരാക്കാനുള്ള യന്ത്രവൽക്കൃത യാനങ്ങൾ എത്രയും വേഗം പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷൻ അസി. ഡയറകടർ മിലി ഗോപിനാഥ് അറിയിച്ചു.









0 comments