കാര്യക്ഷമത നേടാത്ത സ്‌കൂൾവാഹനം വീണ്ടും പരിശോധിക്കും

ആലപ്പുഴ
അമ്പലപ്പുഴ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇഐബി വാഹനങ്ങളുടെ പ്രത്യേക സുരക്ഷാപരിശോധന ശനിയാഴ്‌ച നടത്തി. സ്‌പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം, എമർജൻസി എക്‌സിറ്റ്, തീയണയ്‌ക്കൽ ഉപകരണം തുടങ്ങിയവ ചെക്ക് ലിസ്റ്റ് തയ്യാറാക്കി പരിശോധിച്ചു. നിറം, വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട കാര്യങ്ങൾ, വാഹനത്തിന്റെ രേഖകളുടെ കാലാവധി എന്നിവയും പരിശോധിച്ചു. തീയണയ്‌ക്കൽ ഉപകരണം ഉപയോഗിക്കുന്നതിന്റെ പ്രായോഗിക പരിശീലനവും നൽകി. സ്‌കൂൾബസ് ഡ്രൈവർമാർക്കും, ആയമാർക്കും പരിശീലനം നൽകിയിരുന്നു. പ്രത്യേക പരിശാധനയ്‌ക്ക് എത്തി വിജയിച്ച വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു. പരിശോധനയിൽ 150 സ്‌കൂൾബസുകൾ പങ്കെടുത്തു. തകരാർ കണ്ടെത്തിയ വാഹനങ്ങൾ അവ പരിഹരിച്ച് പുനഃപരിശോധനയ്‌ക്ക് ഹാജരാക്കണമെന്ന് ആലപ്പുഴ ആർടിഒ അറിയിച്ചു. ചാരുംമൂട് മാവേലിക്കര സബ് ആർടി ഓഫീസ് മുതുകാട്ടുകരയിൽ നടത്തിയ പരിശോധനയിൽ 60 സ്‌കൂൾ വാഹനങ്ങൾ പരിശോധനയ്‌ക്കെത്തി. പരിശോധന പൂർത്തിയായ വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പ് സ്റ്റിക്കർ പതിക്കും. സ്‌കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്ക് ഇത്തരം സ്റ്റിക്കർ പതിച്ചില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ എം ജി മനോജ് അറിയിച്ചു. പരിശോധനയിൽ കാര്യക്ഷമതയില്ലാത്ത എട്ട് വാഹനത്തിനാണ് പുനഃപരിശോധനയ്‌ക്ക് നിർദേശം നൽകിയത്. 28ന് മാവേലിക്കര ബിഷപ് ഹോഡ്‌ജസ് സ്‌കൂൾ അങ്കണത്തിൽ സ്‌കൂൾ ബസുകളുടെ പരിശോധന സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പരിശോധനയ്‌ക്കെത്തിക്കാനാകാത്ത വാഹനങ്ങൾ അന്ന് എത്തിക്കണം. എംവിഐ കെ എസ് പ്രമോദിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ ഹരികുമാർ, സജു പി ചന്ദ്രൻ, ദിനൂപ്, പ്രസന്നകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments