വളരും ഞാനും അച്ഛനെ പോലെ ഓടും വലുതാകും

ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ട്രയാത്തലണിൽ സ്വർണം നേടിയ മരിയ മനോജ്‌ലാൽ അച്ഛൻ ഒളിമ്പ്യൻ മനോജ്‌ലാലിനും ഇരുവരുടെയും കായികഗുരുവായ ഡോ. തങ്കച്ചൻ മാത്യുവിനും ഒപ്പം
പി ആർ രാജീവ്
Published on Aug 02, 2025, 12:15 AM | 1 min read
പാലാ
ഓട്ടം തുടരുകയാണ്, ലക്ഷ്യം ഒളിമ്പിക്‌സ്. ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൾ സ്വർണംനേടിയ മരിയ മനോജ് ലാലിന് കായികനേട്ടങ്ങളെല്ലാം സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്‌പ്പാണ്. സിഡ്‌നി ഒളിമ്പിക്‌സിൽ ഇന്ത്യയുടെ 4- x 400 റിലേ ടീം അംഗമായിരുന്ന ചാരമംഗലം കുന്നത്തുവെളി വീട്ടിൽ മനോജ് ലാലിന്റെ മകളായ മരിയ ആദ്യദിവസം ട്രയാത്തലണിൽ സുവർണനേട്ടം കൊയ്‌തു. 4x100 മീറ്റർ റിലേയിൽ ഒന്നാമതെത്തിയ പാലാ സെന്റ് മേരീസ് സ്‌കൂൾ ടീമിലും അംഗമായി. 60, 600 മീറ്റർ ഓട്ടം ഇനങ്ങളിലും ലോങ് ജമ്പിലും സി കാറ്റഗറിയിൽ 2178 പോയിന്റ് നേടിയാണ് ട്രയാത്തലണിൽ ഒന്നാമതെത്തിയത്. രണ്ടാം ദിവസം 600 മീറ്ററിലും സ്വർണം നേടി. കായികരംഗത്ത് അഛന്റെ ഗുരു പാലാ അൽഫോൻസാ കായിക അക്കാദമി ഡയറക്ടർ തങ്കച്ചൻ മാത്യുവിന്റെ ശിക്ഷണത്തിൽ മീറ്റിൽ ആദ്യസ്വർണം സ്വന്തമാക്കിയതും സവിശേഷതയായി. കഴിഞ്ഞവർഷം സെൻട്രൽ സ്‌കൂൾ കായികമേളയിൽ ഇരട്ട സ്വർണവും വെള്ളിയും നേടി 14 വയസിൽ താഴെ വിഭാഗം വ്യക്തിഗത ജേതാവായിരുന്നു. സ്‌കൂൾ മീറ്റിൽ 400 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണവും ലോങ്‌ജമ്പിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. സതേൺ റെയിൽവേയിലെ ടിടിഇ ആയ മനോജ്‌ലാൽ മകളുടെ പഠനവും കായിക പരിശീലനവും വിലയിരുത്താൻ മാസംതോറും പാലായിൽ എത്തും. നാലുവർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മീറ്റിൽ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ചാമ്പ്യയായ ആലപ്പുഴ ജില്ലാ ട്രഷറിയിൽ അക്കൗണ്ടന്റായ ജെൻസി ജോയിയാണ് അമ്മ. അഞ്ച് വയസുകാരൻ മെജൂബിയാണ് സഹോദരൻ.









0 comments